ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യമാകെ വിദ്യാർഥികളെ ആശങ്കയുടെ മുൾമുനയിലാക്കിയ നീറ്റ്–യുജി, യുജിസി–നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളിൽ രാജ്യവ്യാപക പ്രതിഷേധം. പിഴവുണ്ടായെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വീണ്ടും സമ്മതിച്ചു. കോളജ് അധ്യാപക യോഗ്യതാപരീക്ഷയായ യുജിസി–നെറ്റ് ചോദ്യക്കടലാസ് ചോർന്നുവെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ കുറ്റസമ്മതം നടത്തി.  ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്–യുജി) റദ്ദാക്കില്ലെന്നു മന്ത്രി സൂചിപ്പിച്ചു. 

നീറ്റ്–യുജി ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ടു ബിഹാർ പൊലീസ് 4 വിദ്യാർഥികളെക്കൂടി അറസ്റ്റ് ചെയ്തു. 17 പേരാണ് ഇതുവരെ അറസ്റ്റിലായത്. അറസ്റ്റിലായ വിദ്യാർഥി അനുരാഗ് യാദവ് (22) ചോദ്യക്കടലാസ് മുൻകൂട്ടി ലഭിച്ചതായി മൊഴി നൽകിയിട്ടുണ്ട്. ബന്ധുവായ സിക്കന്ദർ യാദവേന്ദു വഴിയാണു ചോദ്യക്കടലാസ് ലഭിച്ചതെന്നാണു ബിഹാറിലെ സമസ്തിപുർ ഹാസൻപുർ സ്വദേശിയായ അനുരാഗിന്റെ മൊഴി. രാജസ്ഥാനിലെ കോട്ടയിലുള്ള പരിശീലന കേന്ദ്രത്തിൽ പഠിച്ചിരുന്ന അനുരാഗിനെ സിക്കന്ദർ പട്നയിലേക്ക് വിളിച്ചുവരുത്തിയാണു ചോദ്യക്കടലാസ്  നൽകിയത്. 

അതേസമയം, ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പിരിച്ചു വിടണമെന്നും കേന്ദ്രമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങൾ അക്രമാസക്തമായി. ധർമേന്ദ്ര പ്രധാന്റെ വീട്ടിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രവർത്തിക്കുന്ന ശാസ്ത്രി ഭവനു മുന്നിലും നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലീസ് കയ്യേറ്റം ചെയ്തു. പലരുടെയും വസ്ത്രങ്ങൾ വലിച്ചുകീറി. പാർലമെന്റിന് 200 മീറ്റർ അകലെ 3 മണിക്കൂറോളം പ്രതിഷേധം നീണ്ടു.

എൻടിഎ അഴിച്ചുപണി; പഠിക്കാൻ സമിതി

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്:

∙ എൻടിഎയുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും മാറ്റങ്ങൾ നിർദേശിക്കാനും ഉന്നതതല സമിതി രൂപീകരിക്കും. സാങ്കേതികരംഗത്തെ വിദഗ്ധർ, അക്കാദമിക് രംഗത്തു പ്രവർത്തിക്കുന്നവർ എന്നിവരെല്ലാം ഉൾപ്പെടുന്ന സമിതി ഉടൻ രൂപീകരിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

∙ നീറ്റ്–യുജി: നീറ്റ്–യുജിയുമായി ബന്ധപ്പെട്ടു ചില പ്രശ്നങ്ങൾ ചിലയിടത്തുണ്ടായി. ഒറ്റപ്പെട്ട സംഭവങ്ങൾ, ശരിയായ രീതിയിൽ പരീക്ഷ വിജയിച്ച ലക്ഷക്കണക്കിനു വിദ്യാർഥികളെ ബാധിക്കാൻ ഇടയാക്കരുത്. പട്‌നയിൽ നടന്ന സംഭവങ്ങളെക്കുറിച്ചു ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പട്ന പൊലീസ് ഇതിൽ റിപ്പോർട്ട് സമർപ്പിക്കും. കർശന നടപടി സ്വീകരിക്കും. 

∙ യുജിസി–നെറ്റ്: യുജിസി നെറ്റിന്റെ ചോദ്യക്കടലാസ് ഡാർക്ക് നെറ്റ് വഴി ചോർന്നതാണു ടെലിഗ്രാം ഗ്രൂപ്പുകളിൽ എത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിൽ (ഐ4സി) നിന്നു ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ചോർച്ചയുണ്ടായെന്നു കണ്ടെത്തി. തുടർന്നാണു പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.  

പരീക്ഷ റദ്ദാക്കിയാൽ അഡ്മിഷൻ ഉണ്ടാകില്ല

ന്യൂഡൽഹി ∙ എംബിബിഎസ് പ്രവേശനത്തിനുള്ള കൗൺസലിങ് നടപടികൾ റദ്ദാക്കാനാവില്ലെന്നു വ്യക്തമാക്കിയ സുപ്രീം കോടതി, ഹർജിയിലെ നടപടികൾക്കൊടുവിൽ പരീക്ഷ റദ്ദാക്കിയാൽ കൗൺസലിങ്ങും ഉണ്ടാകില്ലെന്നു പരാമർശിച്ചു. നീറ്റ്–യുജി പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ റിട്ട് ഹർജികൾ പരിഗണിച്ച ജഡ്ജിമാരായ വിക്രം നാഥ്, എസ്.വി.എൻ.ഭാട്ടി എന്നിവരാണ് ഈ പരാമർശം നടത്തിയത്. 

റിട്ട് ഹർജികളുടെ അന്തിമ വിധിക്ക് അനുസൃതമായിരിക്കും അഡ്മിഷൻ നടപടികൾ. മേഘാലയയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ വിദ്യാർഥികളാണു 45 മിനിറ്റ് നഷ്ടപ്പെട്ടുവെന്നു കാട്ടി കോടതിയെ സമീപിച്ചത്. ‘അന്തിമ വാദത്തിനൊടുവിൽ പരീക്ഷ റദ്ദാക്കിയാൽ, കൗൺസലിങ് നടപടികളും സ്വാഭാവികമായി റദ്ദാക്കപ്പെടും’ ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു. ഹർജി ജൂലൈ 8നു പരിഗണിക്കാൻ മാറ്റി. നീറ്റുമായി ബന്ധപ്പെട്ടു വിവിധ ഹൈക്കോടതികളിലുള്ള ഹർജികളിലെ നടപടികൾ എൻടിഎയുടെ ഹർജി പരിഗണിച്ചു റദ്ദാക്കിയിട്ടുമുണ്ട്. 

English Summary:

Nationwide protest against NEET UG Exam malpractice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com