ADVERTISEMENT

ന്യൂഡൽഹി ∙ നീറ്റ് പരീക്ഷയുടെ തലേന്നു രഹസ്യകേന്ദ്രത്തിൽ ഒത്തുചേർന്ന 4 വിദ്യാർഥികൾ ചോദ്യങ്ങൾ കാണാതെ പഠിച്ചുവെന്നു ബിഹാർ പൊലീസിനു മൊഴി. പരീക്ഷ നടന്ന മേയ് അഞ്ചിനു പട്ന ശാസ്ത്രി നഗർ പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബിഹാർ ധാനാപുർ നഗരസഭയിലെ ജൂനിയർ എൻജീനീയറായ സിക്കന്ദർ യാദവേന്ദുവാണു തട്ടിപ്പിന്റെ പ്രധാന സൂത്രധാരൻ എന്നാണു പൊലീസ് നൽകുന്ന വിവരം.

വിദ്യാർഥികളെ എത്തിച്ചതു സിക്കന്ദറാണെന്നും പട്ന ഗോപാൽപുർ സ്വദേശിയായ നിതീഷ് കുമാറാണു ചോദ്യക്കടലാസ് ലഭ്യമാക്കിയതെന്നുമാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. പട്ന രാജ്‌ബാൻഷി നഗറിലെ വീട്ടിൽ നിന്നു ചോദ്യക്കടലാസുകൾ കത്തിച്ച നിലയിൽ കണ്ടെത്തിയതോടെയാണു യാദവേന്ദു അറസ്റ്റിലാകുന്നത്. ബിഹാർ പബ്ലിക് സർവീസസ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്ന കേസിൽ നിതീഷ് കുമാർ മുൻപു ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 

നെറ്റ് ചോദ്യക്കടലാസിന് 1000 മുതൽ 3000 രൂപ വരെ

യുജിസി–നെറ്റ് പരീക്ഷയ്ക്കു 6 ദിവസം മുൻപു തന്നെ ചോദ്യക്കടലാസുകൾ ടെലിഗ്രാം ചാനലിൽ ലഭ്യമായിരുന്നു. 1000–3000 രൂപ നിരക്കിലായിരുന്നു വിൽപന. തെളിവു സഹിതം സമൂഹമാധ്യമമായ ‘എക്സി’ൽ പരീക്ഷയ്ക്കു മുൻപേ വിഷയമുയർത്തിയെങ്കിലും നടപടിയുണ്ടായില്ല.

ദിവസേന ആയിരക്കണക്കിനു പരാതികളാണ് ഇത്തരത്തിൽ ലഭിക്കുന്നതെന്നും കൃത്യമായ തെളിവുകളില്ലാതെ പരാതികൾ പരിശോധിക്കാനാവില്ലെന്നുമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാൾ വിശദീകരിച്ചത്. പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്.

English Summary:

NEET question paper leak; 4 Students were brought to secret place, byheart answers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com