നീറ്റ് ചോർച്ച: 2 പേർ സിബിഐ അറസ്റ്റിൽ
Mail This Article
ന്യൂഡൽഹി/ പട്ന ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) ചോദ്യക്കടലാസ് ചോർന്ന കേസിൽ സിബിഐ 2 പേരെ അറസ്റ്റ് ചെയ്തു. പട്ന സ്വദേശികളായ മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. മേയ് 5നു നടന്ന പരീക്ഷയുടെ തലേന്നു ചോദ്യക്കടലാസ് മനഃപാഠമാക്കാനും മറ്റും വിദ്യാർഥികൾക്കു സ്ഥലം ക്രമീകരിച്ചത് ഇരുവരുമാണെന്നാണു സിബിഐ സംഘത്തിന്റെ കണ്ടെത്തൽ. ചോദ്യക്കടലാസ് വിഷയത്തിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്.
തട്ടിപ്പിലെ പ്രധാന കണ്ണിയും ‘സോൾവർ ഗ്യാങ്ങി’ലെ പ്രധാനിയുമായ സഞ്ജീവ് മുഖിയയെ (53) പിടികൂടാൻ അന്വേഷണ സംഘത്തിന് ഇനിയും സാധിച്ചിട്ടില്ല. ബിഹാർ നളന്ദ സ്വദേശിയായ ഇയാൾ നേപ്പാളിലേക്കു കടന്നുവെന്ന സൂചനയുമുണ്ട്. ബിഹാർ പൊലീസിന്റെ സാമ്പത്തിക ക്രമക്കേട് വിഭാഗം (ഇഒയു) റജിസ്റ്റർ ചെയ്ത കേസ് പിന്നീടു സിബിഐക്കു കൈമാറിയിരുന്നു. നിലവിൽ സിബിഐ 6 എഫ്ഐആറുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്.
അശുതോഷിന്റെ ആവശ്യപ്രകാരം വിദ്യാർഥികൾക്കു താമസസ്ഥലവും മറ്റും ഒരുക്കിയതു മനീഷ് പ്രകാശാണെന്ന് അന്വേഷണ സംഘം പറയുന്നു. കാറിൽ വിദ്യാർഥികളെ ഇവിടേക്ക് എത്തിച്ചതും മനീഷാണ്. പട്ന ഖേമ്നി ചക്കിലെ ലേൺ ആൻഡ് പ്ലേ സ്കൂൾ കെട്ടിടം ഒരു രാത്രിയിലേക്കു വാടകയ്ക്കെടുത്തിയിരുന്നു. സ്കൂൾ പരിസരത്തു നിന്നു പകുതി കത്തിയ നിലയിൽ കണ്ടെത്തിയ ചോദ്യപേപ്പർ കേസിൽ നിർണായക തെളിവായി.
അതേസമയം, സാമൂഹിക പ്രവർത്തകനായ മനീഷിന് ഇത്തരമൊരു തട്ടിപ്പിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കു താമസസ്ഥലം വേണമെന്ന ആവശ്യത്തെ തുടർന്നാണു സ്ഥലം ക്രമീകരിച്ചതെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.