പരീക്ഷാക്രമക്കേട്: പാർലമെന്റിൽ ഇന്ന് ഇന്ത്യാസഖ്യത്തിന്റെ സംയുക്ത പ്രക്ഷോഭം
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിൽ മൂന്നാം മോദി സർക്കാരിനെതിരായ ആദ്യ സംയുക്ത പ്രക്ഷോഭത്തിന് ഇന്ത്യാസഖ്യം ഇന്നു രംഗത്തിറങ്ങും. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ ഉയർത്തി ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാൻ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സഖ്യയോഗം തീരുമാനിച്ചു. ഒൗദ്യോഗികമായി സഖ്യത്തിലില്ലെങ്കിലും തൃണമൂലും പ്രക്ഷോഭത്തിൽ അണിനിരക്കും. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയാണ് ഇന്നു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അത് അനുവദിക്കേണ്ടെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. മറ്റു നടപടികൾ മാറ്റിവച്ചു വിഷയം ചർച്ച ചെയ്യണമെന്നും ലക്ഷക്കണക്കിനു വിദ്യാർഥികളെ ബാധിച്ച ക്രമക്കേടിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ലോക്സഭയിൽ രാഹുൽ ഗാന്ധിയും രാജ്യസഭയിൽ ഖർഗെയും ഇതുന്നയിക്കും.
ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ കൂട്ടമായി അടിയന്തരപ്രമേയ നോട്ടിസും നൽകും. വിദ്യാർഥികൾക്കായി ഒരു ദിവസം മാറ്റിവയ്ക്കണമെന്നും കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടത്തിനു തുടക്കമിടണമെന്നും സഖ്യയോഗത്തിൽ രാഹുൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷസമരങ്ങൾ ഒഴിവാക്കാൻ പാർലമെന്റ് അങ്കണത്തിലെ മഹാത്മാഗാന്ധി പ്രതിമ മറ്റൊരിടത്തേക്കു മാറ്റിയെങ്കിലും ഗാന്ധിജിയുടെ ചിത്രവുമായി അതേ സ്ഥലത്ത് ഒത്തുകൂടി പാർലമെന്റിലേക്കു പ്രകടനമായി നീങ്ങാനാണു തീരുമാനം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ജെഎംഎം നേതാവ് ഹേമന്ത് സോറൻ എന്നിവർക്കെതിരായ അന്വേഷണ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ചയും ഇന്ത്യാസഖ്യം സംയുക്ത പ്രതിഷേധം സംഘടിപ്പിക്കും.