റാമോജി റാവുവിന് ആന്ധ്രയുടെ സ്മരണാഞ്ജലി
Mail This Article
ഹൈദരാബാദ് ∙ ഈ മാസമാദ്യം അന്തരിച്ച ഈനാടു മാധ്യമ ഗ്രൂപ്പിന്റെ ചെയർമാനും റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനുമായ റാമോജി റാവുവിന് (88) ആന്ധ്രപ്രദേശ് സർക്കാർ ആദരാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ഇന്നലെ വിജയവാഡയിലെ അനുമോലു ഗാർഡൻസിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
റാമോജി റാവുവിന്റെ ജീവിതത്തിന്റെ വിവിധഘട്ടങ്ങൾ ചിത്രീകരിക്കുന്ന ഫോട്ടോ പ്രദർശനവും ഏർപ്പെടുത്തിയിരുന്നു. നടനും ആന്ധ്ര ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ, സംവിധായകൻ എസ്.എസ്.രാജമൗലി, സംഗീതസംവിധായകൻ എം.എം.കീരവാണി, ദ് ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫ് എൻ.റാം തുടങ്ങിയവർ റാമോജി റാവുവിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചു.
അമരാവതിക്ക് ആ പേരുനൽകിയത് തന്റെ പിതാവാണെന്നും അതിന്റെ ഓർമയ്ക്കായി നഗര വികസനത്തിന് 10 കോടി രൂപ നൽകുമെന്നും റാമോജി റാവുവിന്റെ മകനും ഈനാടു ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കിരൺ പ്രഖ്യാപിച്ചു. 10,000 പേർ പങ്കെടുത്ത ചടങ്ങിന്റെ സുരക്ഷയ്ക്കായി 1,000 പൊലീസുകാരെയാണു നിയോഗിച്ചിരുന്നത്. ഈ മാസം 8ന് ആണ് റാമോജി റാവു അന്തരിച്ചത്.