‘പാർലമെന്റിന്റെ ചരിത്രത്തിലെ കളങ്കിത ദിനം’: രാജ്യസഭയിൽ ധൻകറും ഖർഗെയും തമ്മിൽ പോര്
Mail This Article
ന്യൂഡൽഹി ∙ രാജ്യസഭയിൽ അധ്യക്ഷൻ ജഗ്ദീപ് ധൻകറും പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയും തമ്മിൽ പോരടിച്ചു. പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചു സംസാരിക്കാൻ അനുമതി നൽകാത്തതിനെതിരെ ഖർഗെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതുവരെ ഒരു പ്രതിപക്ഷനേതാവും നടുത്തളത്തിലിറങ്ങിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ ധൻകർ, പാർലമെന്റിന്റെ ചരിത്രത്തിലെ കളങ്കിത ദിനമാണിതെന്നു വിമർശിച്ചു. പ്രതിപക്ഷനേതാവും ഉപനേതാവും നടുത്തളത്തിലിറങ്ങുന്ന സ്ഥിതിയിലേക്കു പാർലമെന്റ് കൂപ്പുകുത്തിയെന്നും കുറ്റപ്പെടുത്തി.
പ്രസംഗിക്കാൻ അവസരം തേടി പലതവണ കയ്യുയർത്തിയിട്ടും അധ്യക്ഷൻ അനുമതി നൽകിയില്ലെന്നും തന്നെ അദ്ദേഹം അപമാനിച്ചുവെന്നും ഖർഗെ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ‘പ്രതിപക്ഷത്തോടുള്ള സഭാധ്യക്ഷന്റെ ചിറ്റമ്മനയം പാർലമെന്റിനെ കളങ്കപ്പെടുത്തി. ഞാൻ 10 മിനിറ്റ് കയ്യുയർത്തിയെങ്കിലും അദ്ദേഹം എന്റെ നേർക്കു നോക്കിയതുപോലുമില്ല’ – ഖർഗെ പറഞ്ഞു. രാവിലെ സഭ ചേർന്നയുടൻ മറ്റു നടപടികളെല്ലാം നിർത്തിവച്ച് പരീക്ഷാ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് ഖർഗെ ആവശ്യപ്പെട്ടിരുന്നു.