ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിലെ ഡപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കു സമാജ്‌‌വാദി പാർട്ടി എംപി അവധേഷ് പ്രസാദിനെ ഇന്ത്യാസഖ്യം പരിഗണിക്കുന്നു. ഡപ്യൂട്ടി സ്പീക്കർ സ്ഥാനം ഇക്കുറിയുണ്ടാകുമോ, പദവിയുണ്ടായാൽ പ്രതിപക്ഷത്തിനു വിട്ടുനൽകുമോ എന്നീ കാര്യങ്ങളിൽ കേന്ദ്രസർക്കാരും ബിജെപിയും വ്യക്തത വരുത്തിയിട്ടില്ല. 

ഡപ്യൂട്ടി സ്പീക്കർ പദവിയിലേക്കു മത്സരമുണ്ടായാൽ ഫൈസാബാദിൽ നിന്നു ലോക്സഭയിലെത്തിയ മുതിർന്ന നേതാവ് അവധേഷ് പ്രസാദിനെ പരിഗണിക്കാനാണു ചർച്ച. ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി എന്നിവർ തമ്മിൽ ഇക്കാര്യത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നുവെന്നാണു വിവരം. തൃണമൂൽ അധ്യക്ഷ മമത ബാനർജിയാണു അവധേഷിന്റെ പേര് മുന്നോട്ടുവച്ചതെന്നും സൂചനയുണ്ട്. 

ഇന്ത്യാസഖ്യത്തിന്റെ കരുത്തു വ്യക്തമാക്കാൻ ഏറ്റവും പറ്റിയയാൾ എന്ന നിലയിലാണ് അവധേഷിന്റെ പേരുയർന്നത്. അയോധ്യ നഗരമുള്ള ഫൈസാബാദ് മണ്ഡലത്തിലെ പ്രതിനിധിയാണു ദലിത് വിഭാഗത്തിൽ നിന്നുള്ള അവധേഷ്. ഡപ്യൂട്ടി സ്പീക്കർ പദവിയിൽ താൽപര്യമില്ലെന്നു തൃണമൂൽ ഇതിനോടകം വ്യക്തമാക്കയിട്ടുണ്ട്. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് കഴിഞ്ഞാൽ 37 അംഗങ്ങളുള്ള എസ്‌പിയാണു വലിയ പാർട്ടി. 

ഡപ്യൂട്ടി സ്പീക്കർ പദവി തന്നാൽ ഓം ബിർലയെ സ്പീക്കർ പദവിയിലേക്കു പിന്തുണയ്ക്കാമെന്നു പ്രതിപക്ഷം ഉപാധി വച്ചെങ്കിലും ബിജെപി അംഗീകരിച്ചിരുന്നില്ല. തുടർന്നാണു കൊടിക്കുന്നിൽ സുരേഷ് സ്പീക്കർ പദവിയിലേക്കു പ്രതിപക്ഷ സ്ഥാനാർഥിയായി പത്രിക നൽകിയത്. 

English Summary:

Awadhesh Prasad is being considered by India Alliance for the post of Deputy Speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com