ഭാരതീയ ന്യായ സംഹിത: ആദ്യ കേസ് മധ്യപ്രദേശിൽ
Mail This Article
ന്യൂഡൽഹി ∙ പുതിയ ക്രിമിനൽ നിയമമായ ‘ഭാരതീയ ന്യായ സംഹിത’ പ്രകാരം രാജ്യത്ത് ആദ്യ കേസ് റജിസ്റ്റർ ചെയ്തത് മധ്യപ്രദേശിലെ ഹനുമാൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ. പൊതുസ്ഥലത്ത് അസഭ്യം പറഞ്ഞെന്ന് പ്രഫുൽ ചൗഹാൻ എന്നയാൾ നൽകിയ പരാതിയിൽ ഇന്നലെ പുലർച്ചെ 12.16നാണു കേസെടുത്തത്. ന്യായ സംഹിതയിലെ 296–ാം വകുപ്പ് പ്രകാരമാണിത്. രാജ്യത്തെ ആദ്യ കേസ് മധ്യപ്രദേശിലെ ഹസീര സ്റ്റേഷനിലാണു റജിസ്റ്റർ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ, രേഖകൾ പ്രകാരം ഇതു റജിസ്റ്റർ ചെയ്തിരിക്കുന്നത് പുലർച്ചെ 12.24നാണ്.
ഉന്തുവണ്ടി മാറ്റാത്തതിന്റെ പേരിൽ വഴിയോരക്കച്ചവടക്കാരനെതിരെ ഡൽഹിയിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസ് പിന്നീടു റദ്ദാക്കി. രാജ്യതലസ്ഥാനത്തെ ആദ്യ കേസ് വഴിയോരക്കച്ചവടക്കാരനെതിരെയാകുന്നത് കേന്ദ്ര സർക്കാർ സാധാരണക്കാർക്കെതിരാണെന്ന പ്രതീതി സൃഷ്ടിക്കുമെന്ന ആശങ്കയിൽ നടപടി പിൻവലിക്കുകയായിരുന്നുവെന്നാണു സൂചന. ഇന്ത്യൻ ശിക്ഷാനിയമത്തിലേതുപോലെ ഭാരതീയ ന്യായ് സംഹിതയിലും പരമാവധി പൊലീസ് കസ്റ്റഡി 15 ദിവസമാണെന്നും റിമാൻഡ് കാലാവധി നീട്ടിയെന്ന പ്രചാരണം ശരിയല്ലെന്നും അമിത് ഷാ വ്യക്തമാക്കി. പാർലമെന്റിലും സ്റ്റാൻഡിങ് കമ്മിറ്റിയിലും ചർച്ച ചെയ്തിരുന്നുവെന്നും മറിച്ചുള്ള പ്രതിപക്ഷ ആരോപണം കളവാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യ കേസ് കൊണ്ടോട്ടിയിൽ
കൊണ്ടോട്ടി (മലപ്പുറം) ∙ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ. ഇന്നലെ പുലർച്ചെ 12.20നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായും അപകടകരമായും ബൈക്ക് ഓടിച്ച കർണാടക കുടക് സ്വദേശിക്കെതിരെയാണ് കേസ്. ഭാരതീയ ന്യായ സംഹിത 2023 ലെ വകുപ്പ് 281, മോട്ടർ വെഹിക്കിൾ ആക്ട് 1988 ലെ വകുപ്പ് 194 ഡി എന്നിവ ചുമത്തി. കുറ്റം പറഞ്ഞു മനസ്സിലാക്കി നോട്ടിസ് നൽകിയാണ് യാത്രക്കാരനെ വിട്ടത്. കോടതി നിർദേശിക്കുന്ന പിഴ അടയ്ക്കണം.