രാജ്യസഭയിൽ വീണ്ടും ധൻകർ – ഖർഗെ പോര്
Mail This Article
ന്യൂഡൽഹി ∙ രാജ്യസഭയിൽ അധ്യക്ഷൻ ജഗ്ദീപ് ധൻകറും പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെയും വീണ്ടും ഏറ്റുമുട്ടി. നീറ്റ് വിഷയത്തിലുള്ള പ്രതിപക്ഷബഹളത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം പോരടിച്ച ഇവർ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ചയ്ക്കിടെയാണു വീണ്ടും കൊമ്പുകോർത്തത്.
-
Also Read
ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
ചർച്ചയിൽ നിരന്തരം ഇടപെട്ടു സംസാരിച്ച കോൺഗ്രസ് അംഗം ജയറാം രമേശിനെ താക്കീത് ചെയ്തു ധൻകർ നടത്തിയ പരാമർശമാണ് വാക്പോരിൽ കലാശിച്ചത്. ജയറാം അതിബുദ്ധിമാനാണെന്നും പ്രതിപക്ഷനേതാവിനു പകരക്കാരനായി ഇരിക്കാവുന്നതാണെന്നും പരിഹാസരൂപേണ ധൻകർ പറഞ്ഞു. ജയറാമിനെ ബുദ്ധിമാനെന്നു വിശേഷിപ്പിച്ചതിലൂടെ തന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കുകയാണോയെന്നു ചോദിച്ച ഖർഗെ, അധ്യക്ഷന്റെ വർണവിവേചന മനഃസ്ഥിതിയാണ് അതു കാണിക്കുന്നതെന്നു കുറ്റപ്പെടുത്തി.
വാക്കുകൾ വളച്ചൊടിക്കരുതെന്നു പറഞ്ഞ് ഖർഗെയോട് അധ്യക്ഷൻ ക്ഷുഭിതനായി. അധ്യക്ഷനോട് ഇത്രയേറെ അനാദരം കാട്ടുന്നത് സഭയുടെ ചരിത്രത്തിൽ മുൻപുണ്ടായിട്ടില്ലെന്ന് ധൻകർ പറഞ്ഞു. തുടർന്ന്, ഉപാധ്യക്ഷൻ ഹരിവംശിനെ ചുമതലയേൽപിച്ച് അദ്ദേഹം ചേംബറിലേക്കു പോയി.