കളവുമുതൽ തിരികെക്കൊടുത്താൽ ജയിൽശിക്ഷ വേണ്ട, സേവനം മതി
Mail This Article
പാലക്കാട്∙ സാധാരണ മോഷണക്കേസുകളിൽ തൊണ്ടിമുതൽ ഉടമയ്ക്കു തിരികെ നൽകിയാൽ തടവുശിക്ഷ വേണ്ടെന്നും പ്രതി സാമൂഹികസേവനം ചെയ്താൽ മതിയെന്നും ഭാരതീയ ന്യായസംഹിതയിൽ (ബിഎൻഎസ്) നിർദേശം. 5,000 രൂപയിൽ താഴെയുള്ള മോഷണത്തിനാണ് ഇളവ്. അതേസമയം, ഏതു തരത്തിലും എത്ര കാലവും സേവനം ചെയ്യണമെന്നു വ്യക്തമാക്കിയിട്ടില്ല.
-
Also Read
ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം സാധാരണ മോഷണത്തിനു 3 വർഷം വരെയും വലിയ കവർച്ചയ്ക്ക് 7 വർഷം വരെയും ആളുകൾക്കു പരുക്കേറ്റ സംഭവത്തിൽ 10 വർഷം വരെയുമായിരുന്നു ശിക്ഷ. പീഡനം, മനുഷ്യക്കടത്ത്, രാജ്യാന്തര കള്ളക്കടത്ത്, വ്യാജ കറൻസി നിർമാണം, രാജ്യത്തിനെതിരെയുള്ള കുറ്റങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, തടവുപ്രതിയുടെ മുങ്ങൽ തുടങ്ങിയ കേസുകളിൽ കോടതിയുടെ അനുമതിയില്ലാതെ പൊലീസിനു വിലങ്ങു വയ്ക്കാം.
10 വർഷത്തിൽ കൂടുതൽ ശിക്ഷിക്കാവുന്ന കേസുകളിൽ ജാമ്യം പോലും എടുക്കാതെ പ്രതി ഒളിവിൽ പോയ സംഭവത്തിൽ പ്രതിയുടെ സാന്നിധ്യമില്ലാതെ വിചാരണ ചെയ്തു ശിക്ഷ വിധിക്കാം. പ്രതികൾ ഹാജരാകാത്തതിനാൽ വിചാരണ അനന്തമായി നീളുന്ന സ്ഥിതിയുണ്ട്. വിവിധ കേസുകളിൽ പ്രതികളെ ഏതു കോടതിയിലും ഹാജരാക്കാനും റിമാൻഡ് ചെയ്യാനും കഴിയും. മുൻപു കുറ്റകൃത്യം നടന്ന സ്ഥലത്തെ കോടതിയിലാണു ഹാജരാക്കിയിരുന്നത്. സമൻസ് പ്രായപൂർത്തിയായ പുരുഷൻ വശം നൽകണമെന്നതു ബിഎൻഎസിൽ പ്രായപൂർത്തിയായ ആർക്കും നൽകാമെന്നാക്കി മാറ്റി.
‘ഇര’യാക്കുന്ന വ്യവസ്ഥ മാറി
എഫ്ഐആറിൽ പ്രതിയുടെ പേരുണ്ടെങ്കിലോ കുറ്റപത്രം സമർപ്പിച്ച ശേഷമോ മാത്രമേ അക്രമം നേരിട്ടവർ നിയമപരമായി ‘ഇര’യാകൂ എന്ന വ്യവസ്ഥ മാറ്റി. പ്രതിയുടെ അല്ലെങ്കിൽ ആരോപണവിധേയന്റെ പേരില്ലെങ്കിലും ഒരാളുടെ അക്രമത്തിൽ പരുക്കേറ്റതെന്ന് എഫ്ഐആറിൽ ഉണ്ടെങ്കിൽ ഇരയാകും.