ADVERTISEMENT

ഹാഥ്‌റസിലെ ഫുൽറയി ഗ്രാമത്തിൽ ചൊവ്വാഴ്ച തിക്കിലും തിരക്കിലും 121 പേർ മരിക്കാൻ കാരണമായ പ്രാർഥനായോഗത്തിനെത്തിയത് 2 ലക്ഷത്തിലേറെപ്പേർ. 80,000 പേർക്കുള്ള അനുമതി മാത്രമാണു നൽകിയിരുന്നതെന്നു തഹസിൽദാറുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. 

പ്രാർഥനായോഗത്തിന്റെ പ്രധാന സംഘാടകനായ ദേബ് പ്രകാശ് മധുകറിനും പേരറിയാത്ത മറ്റു 3 സംഘാടകർക്കുമെതിരെ സിക്കന്ദർറാവു പൊലീസ് കേസെടുത്തു. പ്രാർഥനയ്ക്കു നേതൃത്വം നൽകിയ ആൾദൈവം നാരായൺ സകർ ഹരി ഭോലെ ബാബ ഒളിവിലാണ്. കേസിൽ ബാബയെ പ്രതി ചേർത്തിട്ടില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശദീകരിച്ചു.

മരിച്ചവരിൽ 110 പേരും സ്ത്രീകളാണ്. 5 കുട്ടികളും 6 പുരുഷന്മാരുമുണ്ട്. ഹരിയാനയിൽനിന്നുള്ള നാലും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരുമൊഴികെ മരിച്ചവരെല്ലാം യുപി സ്വദേശികളാണ്. വനിതാ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ 31 പേർക്കു പരുക്കേറ്റു. 

ആഗ്ര പൊലീസ് അഡീഷനൽ ഡയറക്ടർ ജനറൽ അനുപം കുലശ്രേഷ്ഠയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു. ദുരന്തത്തെത്തുടർന്ന് ഭോലെ ബാബയുടെ നേതൃത്വത്തിൽ നടത്താനിരുന്ന 2 പ്രാർഥനായോഗങ്ങൾ ആഗ്ര പൊലീസ് റദ്ദാക്കി. ഇന്നുമുതൽ 11 വരെ സൈയാനിലും 13 മുതൽ 23 വരെ ശാസ്ത്രിപുരത്തും നടത്താനിരുന്ന സത്സംഗസഭകളാണു റദ്ദാക്കിയത്.

അപകടം ഇങ്ങനെ 

സ്ഥലത്തെ വഴുക്കലുള്ള ചെരിവാണു ദുരന്തത്തിലേക്കു നയിച്ചത്. ഉച്ചയ്ക്കു 12.30ന് ആണ് ഭോലെ ബാബ ദിയിലെത്തിയത്. പ്രഭാഷണത്തിനു ശേഷം 1.40ന് വാഹനവ്യൂഹത്തിൽ അദ്ദേഹം മടങ്ങുന്നതിനിടെ, അനുഗ്രഹത്തിനും നിലത്തെ മണ്ണു വാരിയെടുക്കാനും ആളുകൾ തിക്കിത്തിരക്കി. അംഗരക്ഷകരും സന്നദ്ധപ്രവർത്തകരും പിടിച്ചുതള്ളിയതോടെ പരിഭ്രാന്തരായ ആളുകൾ റോഡിന് എതിർവശത്തെ വയലിലേക്ക് ഓടി. മഴയെത്തുടർന്നുണ്ടായിരുന്ന െചളിയും സ്ഥലത്തെ ചെരിവും കാരണം ഇവർ തെന്നിവീഴുകയും അവർക്കു മീതെ കൂടുതൽ പേർ വീഴുകയും ചെയ്തതായി തഹസിൽദാറുടെ റിപ്പോർട്ടിൽ    പറയുന്നു.

ദുഃഖമുണ്ടെന്ന് ഭോലെ ബാബ 

ദുരന്തത്തിൽ ദുഃഖമുണ്ടെന്നും മരണത്തിൽ അനുശോചിക്കുന്നതായും ഭോലെ ബാബ വാർത്തക്കുറിപ്പിൽ അറിയിച്ചു. തിരക്കു സൃഷ്ടിച്ച സാമൂഹികവിരുദ്ധർക്കെതിരെ നിയമനടപടിയെടുക്കുമെന്നും അവകാശപ്പെട്ടു. കസൻഗഞ്ച് ജില്ലയിലെ ബഹാദുർനഗർ സ്വദേശിയാണ് ഭോലെ ബാബ.

English Summary:

Hathras Incident: Only eighty thousand people had permission, but two lakh people gathered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com