ADVERTISEMENT

ഹാഥ്റസ് (യുപി) ∙ പൊലീസുകാരനിൽനിന്ന് ആൾദൈവത്തിലേക്കു നാരായൺ സകർ ഹരി ഭോലെ ബാബ എന്ന സൂരജ്പാൽ സിങ്ങിന്റെ (65) വളർച്ചയ്ക്കെടുത്തതു 30 വർഷം. യുപി, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലാണു പ്രധാനമായും ഭക്തരുള്ളത്. മറ്റ് ആൾദൈവങ്ങളെ പോലെ സമൂഹമാധ്യമങ്ങളിൽ സജീവമല്ല.

അംഗരക്ഷകരുടെ പട തന്നെയുണ്ടു ബാബയ്ക്കൊപ്പം. വെളുത്ത കുർത്തയും പൈജാമയുമാണ് ഇഷ്ടവേഷം. കാസ്ഗഞ്ജ് പടിയായിലിയിലെ ആഡംബര വസതിയിലാണു താമസം. അറുപതോളം കാറുകളുടെ അകമ്പടിയോടെയാണു ബാബ, ഫുൽറയിയിലെത്തിയത്. പ്രാർഥനാ യോഗങ്ങളിൽ വിവാഹം ആശീർവദിക്കാറുമുണ്ട്.

ഫുൽറയിക്കു സമീപം 2012 ൽ ബാബ പ്രാർഥനാ സമ്മേളനം നടത്തിയിരുന്നുവെന്നു മുഗൾഗഡി ഗ്രാമവാസിയും സംഭവത്തിന്റെ ദൃക്സാക്ഷിയുമായ സോനുകുമാർ പറഞ്ഞു. ‘അന്ധവിശ്വാസം പരത്തുന്ന ബാബയെ അറസ്റ്റ് ചെയ്യണം. വ്യക്തമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണു ദുരന്തത്തിനിടയാക്കിയത്. പണമെല്ലാം അയാൾ കൊണ്ടുപോകും. വരുന്നവർക്കു ഭക്ഷണം നൽകേണ്ട ചുമതല ശിഷ്യർക്കാണ്’.

ഈ മാസം 14ന് ആഗ്രയിൽ ബാബയുടെ പ്രാർഥനാ സമ്മേളനം നടക്കേണ്ടതായിരുന്നു. പല ഭാഗങ്ങളിലായി ആഴ്ചയിൽ ഒന്നുവീതം ഇത്തരം സമ്മേളനം നടത്തുകയാണു പതിവ്. ബാബയുടെ പാദങ്ങൾ പതിഞ്ഞ സ്ഥലത്തെ മണ്ണു ശേഖരിക്കുന്നതിനു ഭക്തർ മത്സരമാണ്.

ചൊവ്വാഴ്ചത്തെ ദുരന്തത്തിന്റെ പ്രധാന കാരണം ഈ മണ്ണു ശേഖരിക്കാൻ നടന്ന ശ്രമമാണെന്നു കരുതുന്നു. ഭൂമി കയ്യേറിയെന്ന ആരോപണം നേരിടുന്നുണ്ട്. യുപി പൊലീസിൽ 18 വർഷത്തോളം കോൺസ്റ്റബിളായിരുന്ന സൂരജ്പാൽ 1990 ലാണ് സ്വയം വിരമിച്ചത്.

English Summary:

Narayan Sakar Hari Bhole Baba alias Surajpal Singh took thirty years to grow from policeman to a godman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com