ഹാഥ്റസ് ദുരന്തം: ഉറ്റവരെ തിരഞ്ഞ് ബന്ധുക്കൾ; ഉള്ളുലച്ച് നിലവിളികൾ
Mail This Article
ഹാഥ്റസ് (യുപി) ∙ സൈറൺ മുഴക്കി നീങ്ങുന്ന ആംബുലൻസുകൾ. ഇടയ്ക്കുയർന്ന് അതുപോലെ അവസാനിക്കുന്ന വിതുമ്പലുകൾ. മൂടിക്കെട്ടിയ ആകാശം. ചാറ്റൽ മഴ. മതിലിനു പുറത്തു കൂട്ടംകൂടി നിൽക്കുന്ന നാട്ടുകാർ. ഞെട്ടിക്കുന്ന ദുരന്തത്തിന്റെ ദുഃഖഭാരം ചുമക്കുകയായിരുന്നു ബാഗ്‌ലയിലെ ഹാഥ്റസ്–ജൻപഥ് സംയുക്ത ജില്ലാ ആശുപത്രി.
മകളുടെ മൃതദേഹം കയറ്റിയ ആംബുലൻസിലിരുന്നു വിതുമ്പിയ റായ്ബറേലി സ്വദേശി ഛേദിലാലിന്റെ വാക്കുകൾ മുറിഞ്ഞു. മകൾ റൂബി (34) ആണു ദുരന്തത്തിൽ മരിച്ചത്. റൂബിയുടെ 5 വയസ്സുള്ള മകളെ തിക്കിലും തിരക്കിലും പെട്ടു കാണാതായി. മരിച്ച 5 കുട്ടികളിൽ കൊച്ചുമകളുണ്ടോയെന്നു വ്യക്തമല്ല. റൂബിയുടെ ഭർത്താവ് കുമാർ, കുമാറിന്റെ സഹോദരി രാജ്കുമാരി എന്നിവർക്കൊപ്പമാണു ഛേദിലാൽ എത്തിയത്. കുമാറിന്റെ നിലവിളി മറ്റുള്ളവരെയും കണ്ണീരണിയിച്ചു.
മോർച്ചറിയിൽ കണ്ട മൃതദേഹം മുത്തശ്ശിയുടേതാകരുതെന്ന പ്രാർഥനയോടെ ഇന്നലെ പുലർച്ചെ മുതൽ മോർച്ചറിക്കരികിൽ കാത്തുനിന്ന അഭയ് സിങ് ദുരന്തത്തിന്റെ നൊമ്പരക്കാഴ്ചകളിലൊന്നായിരുന്നു. ഗ്വാളിയർ ശിവം കോളജിലെ ബിഎസ്‌സി വിദ്യാർഥിയാണു മധ്യപ്രദേശ് മൊറേന ജില്ലയിലെ സാർഷി സ്വദേശി അഭയ് സിങ്. അഭയ്സിങ്ങിന്റെ മുത്തശ്ശി സോംബതി (65) ഗ്രാമത്തിലെ മറ്റുള്ളവർക്കൊപ്പമാണു പ്രാർഥനാ സംഗമത്തിനു പോയത്.
ഒപ്പമുണ്ടായിരുന്നവരെല്ലാം തിരിച്ചെത്തിയെങ്കിലും സോംബതി തിരിച്ചെത്തിയില്ല. ഇതറിഞ്ഞയുടൻ, ആശുപത്രിയിലെത്തിയ അഭയ്സിങ്ങിനു മുത്തശ്ശിയെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്നു മറ്റു ബന്ധുക്കളെ ആശുപത്രിയിലേക്കു വരുത്തി തിരിച്ചറിഞ്ഞു.ഉറ്റവരെ നഷ്ടപ്പെട്ടവരും പൊലീസുകാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ വൻ ജനക്കൂട്ടമായിരുന്നു ഇന്നലെ പുലർച്ചെ മുതൽ ആശുപത്രി വളപ്പിൽ. മൃതദേഹങ്ങളെല്ലാം പൊലീസ് അകമ്പടിയോടെയാണു വീടുകളിലെത്തിച്ചത്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചികിത്സയിലുള്ളവരെ സന്ദർശിച്ചു. സന്നദ്ധപ്രവർത്തകർ ആളുകളെ തള്ളിമാറ്റിയതാണ് അപകടത്തിലേക്കു നയിച്ചതെന്നു യോഗി ആദിത്യനാഥ് പറഞ്ഞു. ഇത്തരം പരിപാടികളിൽ ഉദ്യോഗസ്ഥരെ കയറ്റാത്ത ഇവർ പ്രശ്നം ഒതുക്കിത്തീർക്കാനാണു ശ്രമിച്ചത്. പക്ഷേ മുറിവേറ്റവരെ ഉദ്യോഗസ്ഥർ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ തുടങ്ങിയപ്പോഴേക്കും ഈ സന്നദ്ധപ്രവർത്തകരിൽ ഏറെപ്പേരും സ്ഥലംവിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആളൊഴിഞ്ഞ് പന്തൽ; ചിതറി ക്ഷണക്കത്തുകൾ
യോഗത്തിനെത്തിയത് പുറത്തു നിന്നുള്ളവരെന്ന് നാട്ടുകാർ
ഹാഥ്‌റസ് (യുപി) ∙ അലിഗഡ്–കാൻപുർ ദേശീയപാതയുടെ വലതുവശത്ത് ഇനിയും അഴിച്ചുമാറ്റാത്ത പന്തൽ. ഇടതു വശത്ത്, പൊലീസ് മഞ്ഞ റിബൺ കെട്ടി പ്രവേശനം തടഞ്ഞിരിക്കുന്ന വയൽ. ദേശീയപാതയിൽനിന്നു വയലിലേക്കു നാലോ അഞ്ചോ അടി താഴ്ചയുള്ള ചെരിവാണ്. പാടത്തിനും റോഡിനുമിടയിൽ മൂന്നടി വീതിയുള്ള നീർച്ചാൽ. ഇവിടെയാണ് തിരക്കിൽപെട്ട് ഇത്രയധികം ആളുകൾ മരിച്ചതെന്നു വിശ്വസിക്കാൻ പ്രയാസം.
ദുരന്തസ്ഥലത്ത് ചെരുപ്പുകൾ, വസ്ത്രങ്ങൾ, ചോറ്റുപാത്രങ്ങൾ, വെള്ളക്കുപ്പികൾ, വളപ്പൊട്ടുകൾ, കല്യാണക്കുറികൾ, സംഗീതോപകരണങ്ങൾ, ബാഗുകൾ തുടങ്ങിയവ ചിതറിക്കിടപ്പുണ്ട്. കല്യാണക്കുറികൾ ബാബയുടെ ആശീർവാദത്തിനായി കൊണ്ടുവന്നതാണ്. യോഗത്തിനെത്തുന്നവർക്കു നൽകാനുള്ള ചപ്പാത്തി വേദിക്കരികിൽ പാത്രത്തിൽ തന്നെയുണ്ട്. മറ്റു നാടുകളിൽനിന്നുള്ളവരാണ് യോഗത്തിനെത്തിയതെന്നും നാട്ടുകാർ ബാബയുടെ ഭക്തരല്ലെന്നും സ്ഥലവാസികൾ പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ഹർജികൾ
ന്യൂഡൽഹി ∙ ഹാഥ്‌റസിലുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ സമിതിയെ നിയോഗിക്കണമെന്ന ആവശ്യവുമായി ഹർജി. അപകടത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ യുപി സർക്കാരിനു നിർദേശം നൽകണമെന്നും യഥാർഥ കാരണം പുറത്തുകൊണ്ടുവരാൻ അഞ്ചംഗ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയാണു സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
ചട്ടങ്ങൾ ലംഘിച്ച് പരിപാടി നടത്താൻ അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയിലും പൊതുതാൽപര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.
ഹാഥ്റസ് സംഭവം ഇങ്ങനെ (ചിത്രത്തിൽ)
1) പ്രാർഥനാ സംഗമം കഴിഞ്ഞ് ബാബ ഹൈവേയിലേക്ക്. പഴ്സനൽ സുരക്ഷാസംഘം ഒപ്പം.
2) കാറ് കടന്നുപോയ വഴിയിലെ മണ്ണ് ശേഖരിക്കാനും അനുഗ്രഹം വാങ്ങാനുമായി ഭക്തർ പിറകെ.
3) ദേശീയപാതയിലെത്തുമ്പോഴേക്കും തിരക്ക് അനിയന്ത്രിതമാകുന്നു. ദേശീയപാതയോരത്തും പതിനായിരങ്ങൾ.
4) കാൻപുർ ഭാഗത്തേക്കു പോകാനായി ബാബയുടെ കാർ റോഡിലേക്കു കടക്കുന്നു. വാഹനത്തിനടുത്തേക്ക് എത്താൻ ജനങ്ങളുടെ വെപ്രാളം.
5) ബാബയുടെ അംഗരക്ഷകർ ആളുകളെ തള്ളിമാറ്റുന്നു. തിക്കിലും തിരക്കിലും ദുരന്തമുണ്ടാകുന്നു