ADVERTISEMENT

ന്യൂ‍ഡൽഹി ∙ പ്രതിരോധ സേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ ‘അഗ്നിപഥു’മായി ബന്ധപ്പെട്ട് ഭരണ – പ്രതിപക്ഷ കക്ഷികൾ വാക്പോര് തുടരവേ, പദ്ധതിയെ വിമർശിച്ച്  നാവികസേനാ മുൻ മേധാവി അഡ്മിറൽ (റിട്ട) കരംബീർ സിങ് രംഗത്ത്. സേനകളുടെ കാര്യക്ഷമതയെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് ദേശീയസുരക്ഷയെക്കുറിച്ച് അറിയാവുന്ന ആർക്കും മനസ്സിലാകുമെന്നും പദ്ധതി തുടരാനുള്ള ഏക പ്രചോദനം അതു പെൻഷൻ ചെലവു കുറയ്ക്കാൻ സഹായിക്കുമെന്നതാണെന്നും അദ്ദേഹം സമൂഹമാധ്യമമായ ‘എക്സി’ൽ കുറിച്ചു.

സേനകളിൽ ഏതു മാറ്റം വരുത്തുമ്പോഴും പോരാട്ടശേഷി വർധിപ്പിക്കുമോ എന്നു മാത്രമാണു നോക്കേണ്ടതെന്നു മുൻ നാവികസേനാ മേധാവി അഡ്മിറൽ (റിട്ട) അരുൺ പ്രകാശ് കുറിച്ചതിനു മറുപടിയായാണു സിങ്ങിന്റെ പരാമർശം. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ സിങ് പങ്കാളിയായിരുന്നു. 2021 നവംബറിലാണ് വിരമിച്ചത്. 2022 ജൂണിൽ അഗ്നിപഥ് നിലവിൽ വന്നു. സേനകളിൽ സ്ഥിരംജോലി എന്ന യുവാക്കളുടെ സ്വപ്നം തകർത്ത പദ്ധതി റദ്ദാക്കണമെന്ന് കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യാസഖ്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

വീരമൃത്യു വരിച്ച അഗ്നിപഥ് അംഗം അജയ് കുമാറിനു സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെന്നു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത് വിവാദമായിരുന്നു. നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രാഹുലിനു മറുപടി നൽകി. കേന്ദ്രം സഹായിച്ചില്ലെന്ന് അജയ്‌യുടെ അച്ഛൻ പറയുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ രാഹുൽ പുറത്തുവിട്ടു. നഷ്ടപരിഹാരം നൽകിയെന്ന വിശദീകരണവുമായി കരസേന പിന്നാലെ രംഗത്തുവന്നു.

English Summary:

Agnipath will reduce capability of military says Former Navy Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com