ADVERTISEMENT

ന്യൂഡൽഹി ∙ പാശ്ചാത്യലോകവുമായും റഷ്യയുമായും അടുത്ത ബന്ധം നിലനിർത്തുന്ന ഏക ശക്തിയെന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ നാളെ ആരംഭിക്കുന്ന മോസ്കോ സന്ദർശനം ലോകം വളരെ ശ്രദ്ധയോടെയാവും നിരീക്ഷിക്കുക. യുക്രെയ്ൻ യുദ്ധമാരംഭിച്ചശേഷം മോദി നടത്തുന്ന ആദ്യത്തെ റഷ്യ സന്ദർശനമാണിത്. 

പ്രശ്നം രമ്യമായി പരിഹരിക്കുന്നതിന് തന്നാലാവുന്നത് ചെയ്യാമെന്ന്് മോദി യുക്രെയ്ൻ പ്രസിഡന്റിനു വാക്കുനൽകിയതിന്റെ പശ്ചാത്തലത്തിൽ ഇരുനേതാക്കളുടെയും പരസ്യപ്രസ്താവനകൾക്കതീതമായ നയതന്ത്ര നീക്കങ്ങൾ അറിയാൻ ലോകം കാത്തിരിക്കുന്നു. 

ഒറ്റപ്പെടുത്തുന്നതിലൂടെ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നൽകുകയാണ് പാശ്ചാത്യ ലോകം ചെയ്യുന്നതെന്നും റഷ്യ പ്രമുഖ ശക്തിയായി നിലകൊള്ളുന്നത് യുറേഷ്യൻ ശാക്തിക സ്ഥിരതയ്ക്ക് ആവശ്യമാണെന്നുമാണ് ഇന്ത്യ കരുതുന്നത്. 

ഇന്ത്യ– റഷ്യ ശാക്തിക– വാണിജ്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്നാണ് വിദേശകാര്യവകുപ്പ് പറയുന്നതെങ്കിലും യുക്രെയ്ൻ പ്രശ്നം സംബന്ധിച്ച കാര്യങ്ങൾ ചർച്ചചെയ്യുമെന്ന് സൂചനയുണ്ട്. ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള ഏതു കാര്യവും ചർച്ചയ്ക്കു വരാമെന്നാണ് ഇതേക്കുറിച്ച് ഉദ്യോഗസ്ഥർ പറയുന്നത്. 

യുദ്ധം ആരംഭിച്ചതോടെ പാശ്ചാത്യലോകം ഏർപ്പെടുത്തിയ വാണിജ്യ ഉപരോധം മറികടന്ന് ഇന്ത്യ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽനിന്ന് പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങുന്നതിനാൽ ഉഭയകക്ഷി വാണിജ്യം കുത്തനെ ഉയർന്നെങ്കിലും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിച്ചിട്ടില്ല. ഇക്കാര്യം ഇന്ത്യ ഉന്നയിച്ചേക്കും. ഇന്ത്യയിൽ നിന്ന് ഇറാനിലെ ചാബഹാർ തുറമുഖം വഴി തെക്കു– വടക്ക് ഗതാഗത ഇടനാഴിയിലൂടെയും വ്ലാഡിവോസ്റ്റോക്ക്– ചെന്നൈ സമുദ്ര മാർഗത്തിലൂടെയും വാണിജ്യം വിപുലീകരിക്കുന്നതു സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും. 

ഇരു രാജ്യങ്ങളുടെയും സൈനിക സൗകര്യം പരസ്പരം ഉപയോഗിക്കാൻ വഴിയൊരുക്കുന്ന റെസിപ്രോക്കൽ എക്സ്ചേഞ്ച് ഓഫ് ലോജിസ്റ്റിക്സ് (റെക്ലോസ്) ഉടമ്പടി പൂർത്തിയാക്കാനും സാധ്യതയുണ്ട്. യുഎസുമായി ഈ രീതിയിലുള്ള ലോജിസ്റ്റിക്സ് എക്സ്ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (ലെമോവ) 2016–ൽ ഒപ്പിട്ടിരുന്നു. 

English Summary:

Narendra Modi's visit to Russia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com