തൊഴിലവസരങ്ങൾ കുറവെന്ന റിപ്പോർട്ട്: പഠനം തള്ളി കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ രാജ്യത്ത് ആവശ്യമായത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന യുഎസ് ബാങ്കായ സിറ്റിഗ്രൂപ്പിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാർ തള്ളി. പീരിയോഡിക് ലേബർ ഫോഴ്സ് സർവെയിലെയും (പിഎൽഎഫ്എസ്), റിസർവ് ബാങ്ക് തയാറാക്കുന്ന പഠനങ്ങളിലെയും കണക്കുകൾ പരിശോധിക്കുന്നതിൽ സിറ്റിഗ്രൂപ്പിന്റെ ഗവേഷകർ പരാജയപ്പെട്ടുവെന്നും 2017–18 മുതൽ 2021–22 വരെയുള്ള കാലത്ത് രാജ്യത്ത് 8 കോടിയിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്ന് ഇരു പഠനങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും കേന്ദ്ര തൊഴിൽ മന്ത്രാലയം വിശദീകരിച്ചു.
ഈ റിപ്പോർട്ടുകൾ പരിഗണിച്ചാൽ രാജ്യത്തു പ്രതിവർഷം 2 കോടിയിലേറെ തൊഴിലവസങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിലായ സാഹചര്യത്തിലും രാജ്യത്തു ജോലി അവസരങ്ങൾ ഉണ്ടായി. 2023–24 ൽ 1.3 കോടി ആളുകളാണ് ഇപിഎഫ്ഒയിൽ ഭാഗമായത്. 2018–19 കാലത്തു ചേർന്നതു 61.12 ലക്ഷം പേരാണ്. രാജ്യത്തെ തൊഴിലവസങ്ങൾ വർധിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തെ സമ്പദ് വ്യവസ്ഥ 7% വേഗത്തിൽ വളർന്നാലും വേണ്ടത്ര തൊഴിലവസരങ്ങൾ ലഭിക്കില്ലെന്നും വരുന്ന ദശകത്തിലും ഇതു തുടരുമെന്നുമായിരുന്നു സിറ്റിഗ്രൂപ്പിന്റെ റിപ്പോർട്ട്.