പ്രധാനമന്ത്രി മോസ്കോയിൽ; ഇന്ത്യ– റഷ്യ ഉച്ചകോടി ഇന്ന്
Mail This Article
മോസ്കോ ∙ ഇന്ത്യ– റഷ്യ 22–ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായാണു മോദി റഷ്യ സന്ദർശിക്കുന്നത്. വിമാനത്താവളത്തിൽ റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി ഡെനിസ് മന്റുറോവ് മോദിയെ സ്വീകരിച്ചു. ഇന്നു പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനൊപ്പം ഉച്ചകോടിയിൽ പങ്കെടുക്കും. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. 2019 ൽ ആണു മോദി ഒടുവിൽ മോസ്കോ സന്ദർശിച്ചത്.
വ്യാപാരം, സുരക്ഷ, നിക്ഷേപം തുടങ്ങിയ വിഷയങ്ങളാണു ചർച്ച ചെയ്യുന്നത്. യുക്രെയ്ൻ യുദ്ധത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതിനു പുറമേ നിലവിൽ റഷ്യൻ സേനയിൽ ജോലിയെടുക്കുന്നവരുടെ മടക്കം ഉറപ്പാക്കാനും ശ്രമിക്കും. മേഖലയിൽ സമാധാനം ഉറപ്പുവരുന്നതിനും സ്ഥിരതയ്ക്കും വേണ്ടി പിന്തുണയ്ക്കുമെന്നും മോദി പറഞ്ഞു. 2021 ഡിസംബർ 6നു ഡൽഹിയിൽ നടന്ന കഴിഞ്ഞ ഇന്ത്യ– റഷ്യ ഉച്ചകോടിയിൽ പുട്ടിൻ പങ്കെടുത്തിരുന്നു. ഉച്ചകോടിക്കുശേഷം മോദി ഓസ്ട്രിയയിലേക്കു തിരിക്കും.