ആധാർ സാക്ഷ്യപ്പെടുത്തൽ: പാചകവാതകം നിഷേധിച്ചിട്ടില്ല എന്ന് മന്ത്രാലയം
Mail This Article
ന്യൂഡൽഹി ∙ ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ പാചകവാതക ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്നു പെട്രോളിയം മന്ത്രാലയം വിശദീകരിച്ചു. ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ നടത്താത്തവർക്കു പാചകവാതകം നിഷേധിച്ചിട്ടില്ല. വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് പാചക വാതക സിലിണ്ടർ വിതരണം ആധാറുമായി ബന്ധപ്പെടുത്തുന്നത്. പുതിയ കണക്‌ഷന് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. നിലവിലുള്ള കണക്‌ഷനുകൾ പരിശോധിക്കുന്നതിനായി ഉപഭോക്താക്കളുടെ പ്രത്യേക ക്യാംപുകൾ നടത്തുന്നുണ്ട്.
എൽപിജി സിലണ്ടർ വീട്ടിൽ ലഭിക്കുന്ന സമയത്തോ വിതരണ ഏജൻസിയുടെ ഷോറൂമിലെത്തിയോ ഉപഭോക്താവിന് ആധാർ സാക്ഷ്യപ്പെടുത്തൽ നടത്താം. പാചകവാതക വിതരണം നടത്തുന്ന പെട്രോളിയം കമ്പനികളുടെ ആപ്പുകൾ വഴിയും ആധാർ സാക്ഷ്യപ്പെടുത്തലിന് അവസരമുണ്ട്.
കമ്പനികളുടെ ആപ് ലിങ്കുകൾ ചുവടെ:
ഐഒസിഎൽ: https://play.google.com/store/apps/details?id=cx.indianoil.in
ബിപിസിഎൽ: https://play.google.com/store/apps/details?id=com.cgt.bharatgas
എച്ച്പിസിഎൽ: https://play.google.com/store/apps/details?id=com.drivetrackplusrefuel
ആധാർ ബയോമെട്രിക് സാക്ഷ്യപ്പെടുത്തൽ 8 മാസമായി നടക്കുകയാണെന്നും വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കാൻ വേണ്ടിയാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. സാക്ഷ്യപ്പെടുത്തലിന് അവസാന തീയതി നിശ്ചയിച്ചിട്ടുമില്ല. കേരള പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഇതുസംബന്ധിച്ചു നൽകിയ പരാതിക്കു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.