ഹാഥ്റസ്: എസ്ഡിഎം ഉൾപ്പെടെ 6 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Mail This Article
ഹാഥ്റസ് (യുപി) ∙ ഫുൽറായിയിൽ പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായ സംഭവത്തിൽ 6 ഉദ്യോഗസ്ഥരെ യുപി സർക്കാർ സസ്പെൻഡ് ചെയ്തു. പ്രദേശത്തെ സബ് ഡിസ്ട്രിക്ട് മജിസ്ട്രേട്ട് (എസ്ഡിഎം), സർക്കിൾ ഓഫിസർ, മറ്റു 4 ഉദ്യോഗസ്ഥർ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ആഗ്ര എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ദുരന്തത്തിനു പിറകിൽ വൻ ഗൂഢാലോചനയുണ്ടോയെന്നതു തള്ളിക്കളയാനാവില്ലെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്.
യോഗത്തിന്റെ സംഘാടകരാണ് ദുരന്തത്തിന് ഉത്തരവാദികൾ. സംഭവത്തിൽ പ്രാദേശിക ഭരണകൂടത്തിനു വീഴ്ച പറ്റി. സിക്കന്ദർറാവുവിലെ പൊലീസോ മറ്റ് ഉദ്യോഗസ്ഥരോ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല. സ്ഥലം പരിശോധിക്കാതെയാണു യോഗത്തിന് എസ്ഡിഎം അനുമതി നൽകിയത്. വൻ ജനക്കൂട്ടമുണ്ടായിട്ടും സ്ഥലത്ത് ബാരിക്കേഡോ സുരക്ഷാ ക്രമീകരണമോ ഉണ്ടായിരുന്നില്ല.
പ്രാർഥനാ യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വ ഹരി ബോലെ ബാബയ്ക്കടുത്തേക്കു ഭക്തർ എത്തുന്നതു തടയാൻ സംവിധാനമൊന്നുമുണ്ടായില്ല – 125 ൽ പരം ദൃക്സാക്ഷികളുടെ മൊഴികൾ, വിഡിയോ, ഫോട്ടോ, മാധ്യമവാർത്തകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു. കേസിൽ മുഖ്യപ്രതിയും യോഗത്തിന്റെ പ്രധാന സംഘാടകനുമായ ദേബ് പ്രകാശ് മധുകർ അടക്കം 9 പേർ അറസ്റ്റിലാണ്.