മുംബൈയിലെ ആഡംബരക്കാർ അപകടം: പ്രതിയുടെ പിതാവിനെ പാർട്ടി പദവിയിൽ നിന്ന് നീക്കി
Mail This Article
മുംബൈ ∙ ആഡംബരക്കാർ ഇടിച്ച് മത്സ്യവിൽപനക്കാരി മരിച്ച സംഭവത്തിൽ പ്രതി മിഹിർ ഷായുടെ (24) പിതാവ് രാജേഷ് ഷായെ ശിവസേനാ ഉപനേതാവ് പദവിയിൽ നിന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നീക്കി. ഭരണപക്ഷ നേതാവിനോടുള്ള പ്രതിഷേധം രൂക്ഷമായതോടെയാണ് കടുത്ത നടപടിയെടുക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായത്. അതേസമയം, പാർട്ടി അംഗത്വത്തിൽ നിന്നു പുറത്താക്കിയിട്ടില്ല. മകനെ രക്ഷിക്കാൻ ശ്രമിച്ചതിന് നേരത്തേ അറസ്റ്റിലായ രാജേഷ് ഷാ ജാമ്യത്തിലാണ്. മിഹിർ ഷായെ കോടതി ഇൗ മാസം 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഒളിവിൽപ്പോയ മിഹിറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ഫോൺ ഓൺ ആയതാണ് 72 മണിക്കൂറിനു ശേഷം അറസ്റ്റിലേക്കു വഴിയൊരുക്കിയത്.
ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ബോണറ്റിലേക്കു തെറിച്ചുവീണ സ്ത്രീയുമായി ഒന്നര കിലോമീറ്ററോളം പ്രതി വാഹനമോടിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന ഡ്രൈവർ രാജർഷി കാർ വേഗത്തിൽ പിന്നോട്ടെടുത്ത് കാവേരിയെ വീഴ്ത്തിയ ശേഷമാണ് ഇരുവരും അതിവേഗം മുന്നോട്ടു പോയത്. കാറിൽ നിന്ന് ഇളക്കിമാറ്റിയ പാർട്ടി സ്റ്റിക്കറും നമ്പർ പ്ലേറ്റും ഇനിയും കണ്ടെത്തിയിട്ടില്ല. അപകടത്തിനു മുൻപ് പ്രതിയും സുഹൃത്തുക്കളും മദ്യപിച്ച ജുഹുവിലെ ബാറിലെ അനധികൃത നിർമിതികൾ മുംബൈ കോർപറേഷൻ ഇടിച്ചുനിരത്തി.