മണ്ഡല പുനർവിഭജനം ദക്ഷിണേന്ത്യയെ ബാധിക്കുമെന്ന് ഓർഗനൈസറും
Mail This Article
ന്യൂഡൽഹി ∙ ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർവിഭജനം പശ്ചിമ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിനു തിരിച്ചടിയാകരുതെന്ന് ആർഎസ്എസിന്റെ മുഖവാരികയായ ‘ഓർഗനൈസർ’. പുനർവിഭജനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനിടയാക്കുമെന്ന പ്രതിപക്ഷ കക്ഷികളുടെ ആശങ്കയ്ക്കൊപ്പം നിൽക്കുന്ന നിലപാടാണിത്. ‘ജനസംഖ്യയിലെ കുറവിന് ആനുപാതികമായി സീറ്റുകൾ നഷ്ടപ്പെടുമെന്ന് ഇവർക്ക് ആശങ്കയുണ്ട്.
ജനസംഖ്യയിലെ ഏറ്റക്കുറച്ചിലുകൾ ഒരു പ്രദേശത്തെയോ മതവിഭാഗത്തെയോ പ്രതികൂലമായി ബാധിക്കരുത്.’– ലേഖനത്തിൽ പറയുന്നു. അനധികൃത കുടിയേറ്റം കാരണം അതിർത്തി സംസ്ഥാനങ്ങളിൽ മുസ്‌ലിം ജനസംഖ്യയിൽ അസ്വാഭാവികമായ വർധനയുണ്ടായിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
ജനസംഖ്യാനുപാതത്തിൽ മണ്ഡല പുനർവിഭജനം നടത്തുന്നത്, ഉത്തരേന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള ബിജെപിക്കു സഹായകരമാകുമെന്നാണു പ്രതിപക്ഷ കക്ഷികളുടെ വിലയിരുത്തൽ. ജനസംഖ്യയെ അടിസ്ഥാനമാക്കുന്നതിനെതിരെ ഡിഎംകെയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എംപിയും രംഗത്തു വന്നിരുന്നു.