ലൈസൻസ് നിഷേധം: എത്ര ടിവി ചാനലുകൾ പൂട്ടിയെന്ന് അറിയിക്കണമെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ലൈസൻസ് പുതുക്കി കിട്ടാത്തതിന്റെ പേരിൽ രാജ്യത്ത് കഴിഞ്ഞ 3 വർഷത്തിനിടെ എത്ര ടിവി ചാനലുകൾ അടച്ചുപൂട്ടിയെന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. കർണാടകയിൽ പവർ ടിവിയുടെ സംപ്രേഷണം തടഞ്ഞ നടപടിക്കുള്ള സ്റ്റേ നീട്ടിക്കൊണ്ടാണ് നിർദേശം. ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടിവിയായിരുന്നു.
അതിനു പിന്നാലെ ജെഡിഎസ് നേതാവ്, ലൈസൻസ് ഇല്ലാതെയാണ് ചാനൽ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹർജിയും ലൈസൻസ് പുതുക്കാതെ പ്രവർത്തിക്കുന്നതിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ കാരണംകാണിക്കൽ നോട്ടിസും പരിഗണിച്ച ഹൈക്കോടതി സംപ്രേഷണം തടഞ്ഞിരുന്നു. അതിനെതിരെ പവർ ടിവി നൽകിയ ഹർജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്ത സുപ്രീം കോടതി, ചാനലിനെതിരായ നടപടി രാഷ്ട്രീയ പകപോക്കലാണെന്നു നിരീക്ഷിച്ചിരുന്നു. ഇതേ കാരണത്താൽ എത്ര ചാനലുകൾ അടപ്പിച്ചുവെന്ന് വ്യക്തമാക്കാനാണ് ഇന്നലെ കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ആവശ്യപ്പെട്ടത്. ലൈസൻസ് പുതുക്കി കിട്ടാൻ അപേക്ഷ നൽകിയ ചാനലുകളുടെ വിവരങ്ങളും അപേക്ഷ തീർപ്പാകുംവരെ അവയ്ക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടോയെന്നു വ്യക്തമാക്കാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.