പരിശീലനം മതി; ഐഎഎസ് ഓഫിസറെ തിരിച്ചുവിളിച്ചു
Mail This Article
മുംബൈ∙ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐഎഎസ് നേടിയെന്ന ആരോപണത്തിൽ പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറെ (34) ഐഎഎസ് അക്കാദമി തിരിച്ചുവിളിച്ചു.
മഹാരാഷ്ട്രയിലെ പരിശീലനം നിർത്തി ഇൗ മാസം 23ന് മുൻപ് തിരിച്ചെത്താനാണ് ഉത്തരാഖണ്ഡ് മസൂറി ലാൽബഹാദൂർ ശാസ്ത്രി അക്കാദമി ആവശ്യപ്പെട്ടിരിക്കുന്നത്. പുണെ കലക്ടറുടെ പരാതിയിൽ സ്ഥലംമാറ്റപ്പെട്ട പൂജ നിലവിൽ വാഷിം ജില്ലയിൽ അസിസ്റ്റൻറ് കലക്ടറായിരുന്നു.
കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഹാജരാക്കിയ പൂജ കാഴ്ചയ്ക്കു തകരാറുണ്ടെന്നു തെളിയിക്കാൻ കൃത്രിമ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയർന്നിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകരുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അക്കാദമിയുടെ ഇടപെടൽ. പുണെയിൽ നിയമിക്കപ്പെട്ടതിനു പിന്നാലെ പ്രത്യേക ക്യാബിനും
ജീവനക്കാരും വേണമെന്ന് ആവശ്യപ്പെടുകയും സ്വകാര്യ ആഡംബരക്കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ കോളജിൽ പ്രവേശനം നേടിയതും വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണെന്ന് പരാതിയുണ്ടായിരുന്നു. സർട്ടിഫിക്കറ്റുകൾ വ്യാജമാണോ എന്ന് അന്വേഷിക്കാൻ യുപിഎസ്‌സി മഹാരാഷ്ട്ര സർക്കാരിനോടു നിർദേശിച്ചതിനു പിന്നാലെ പുണെ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. എന്നാൽ, തെറ്റു ചെയ്തിട്ടില്ലെന്നും കുറ്റക്കാരിയെന്നു മാധ്യമങ്ങളാണു വിധിച്ചതെന്നുമാണു പൂജയുടെ വാദം. കർഷകനു നേരെ തോക്കു ചൂണ്ടിയ കേസിൽ അമ്മ മനോരമയും അച്ഛൻ ദിലീപും ഒളിവിലാണ്.