ADVERTISEMENT

ചെന്നൈ ∙100 കോടി രൂപയുടെ ഭൂമിതട്ടിപ്പു കേസിൽ പ്രതിയായ തമിഴ്നാട് മുൻമന്ത്രി എം.ആർ.വിജയഭാസ്കറെ തൃശൂർ പീച്ചി വിലങ്ങന്നൂരിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. 22 ഏക്കർ ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിലായിരുന്ന വിജയഭാസ്കർ കഴിഞ്ഞ മാസം 14 മുതൽ വിലങ്ങന്നൂരിലായിരുന്നു താമസം. യുകെയിൽ താമസിക്കുന്ന കുടുംബത്തിന്റെ വീട് ഓൺലൈനിൽ വാടകയ്ക്ക് എടുക്കുകയായിരുന്നു. മൊബൈൽ ടവറിൽ ലൊക്കേഷൻ തിരഞ്ഞെത്തിയ തമിഴ്നാട് പൊലീസ് സംഘം പ്രദേശത്തെ വീടുകളിൽ അന്വേഷണം നടത്തിയിരുന്നു. കോയമ്പത്തൂരിൽ നിന്നു കാണാതായ കോളജ് വിദ്യാർഥിയെ അന്വേഷിച്ച് എത്തിയതെന്നാണു പൊലീസ് സംഘം നാട്ടുകാരോടു പറഞ്ഞത്. പീച്ചി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി വിവരം അറിയിച്ച ശേഷം മുൻ മന്ത്രിയെ തെളിവെടുപ്പിന് തമിഴ്നാട്ടിലെ കരൂരിലെത്തിച്ചു. 

വ്യാജരേഖ ഉപയോഗിച്ച് ഭൂമി റജിസ്റ്റർ ചെയ്തതിന് കരൂർ സബ് റജിസ്ട്രാറും പരാതി നൽകിയിരുന്നു. ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇനിയും തീരുമാനമെടുത്തിട്ടില്ല. ജയലളിതയുടെ മന്ത്രിസഭയിൽ ഗതാഗത വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന വിജയഭാസ്കർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സെന്തിൽ ബാലാജിയോടു പരാജയപ്പെട്ടിരുന്നു. ഇ.ഡി.കേസിൽ കുടുങ്ങിയ സെന്തിൽ ബാലാജിയും നിലവിൽ ഒരു വർഷത്തിലേറെയായി ജയിലിലാണ്. 

English Summary:

Ex-Tamil Nadu minister arrested from hideout in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com