യുപി ഉപതിരഞ്ഞെടുപ്പ്: എസ്പി – കോൺഗ്രസ് സഖ്യം തുടരും
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചർച്ച സമാജ്‌വാദി പാർട്ടിയും (എസ്പി) കോൺഗ്രസും ആരംഭിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 ൽ 43 സീറ്റ് നേടിയ ഇന്ത്യാസഖ്യമായിത്തന്നെ മത്സരിക്കാനാണു ധാരണ. ഉപതിരഞ്ഞെടുപ്പിലും ബിജെപിയെ പിന്തള്ളാനായാൽ ഹിന്ദി ഹൃദയഭൂമിയിൽ ഇന്ത്യാസഖ്യത്തിന്റെ കരുത്തു വർധിക്കും.
സംസ്ഥാനത്തെ പ്രബലകക്ഷിയെന്ന നിലയിൽ സീറ്റുവിഭജനത്തിൽ എസ്പിക്കായിരിക്കും മേൽക്കൈ. സീറ്റിനായി വാശിപിടിച്ചു സഖ്യം അവതാളത്തിലാക്കരുതെന്നാണു കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ, സംസ്ഥാന ഘടകം കൂടുതൽ സീറ്റിന് അവകാശവാദമുന്നയിക്കാനുള്ള സാധ്യത തള്ളാനാകില്ല. പത്തിൽ 7 സീറ്റിൽ എസ്പി മത്സരിക്കാനാണു സാധ്യത; മൂന്നിടത്ത് കോൺഗ്രസും.
ഉപതിരഞ്ഞെടുപ്പു നടക്കുന്ന സീറ്റുകളിൽ ഒരെണ്ണം പോലും നിലവിൽ കോൺഗ്രസിന്റെ പക്കലില്ല. അഞ്ചെണ്ണം എസ്പിയുടെ സിറ്റിങ് സീറ്റുകളാണ്. ബിജെപിയുടേതാണ് 3 സീറ്റുകൾ; സഖ്യകക്ഷികളായ ആർഎൽഡി, നിഷാദ് പാർട്ടി എന്നിവയ്ക്ക് ഓരോന്നു വീതവും.