യുഎപിഎ കേസ്: ഒന്നുകിൽ അതിവേഗ വിചാരണ; അല്ലെങ്കിൽ ജാമ്യം നൽകണം; നിർണായക ഉത്തരവുമായി സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ നിയമപരമായ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും അതിവേഗ വിചാരണയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടാൽ ഭരണഘടനാ കോടതിക്ക് ജാമ്യം അനുവദിക്കാമെന്നു സുപ്രീം കോടതി പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) കേസിലെ വിചാരണത്തടവുകാരനു ജാമ്യം അനുവദിച്ചാണു സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വിചാരണനടപടിയിൽ കാര്യമായ പുരോഗതിയില്ലാതെ 9 വർഷത്തോളം ജയിലിൽ കഴിഞ്ഞ യുഎപിഎ കേസ് പ്രതി ഷെയ്ഖ് ജാവേദ് ഇക്ബാലിനു ജാമ്യം അനുവദിച്ചാണ് ജഡ്ജിമാരായ ജെ.ബി. പർദിവാല, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ചിന്റെ വിധിന്യായം. അലഹാബാദ് ഹൈക്കോടതി കഴിഞ്ഞവർഷം ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതിവേഗ വിചാരണ പ്രതിയുടെ നിയമപരമായ അവകാശമാണെന്നും ഭരണഘടനയുടെ 21–ാം വകുപ്പ് ഇക്കാര്യം ഊന്നിപ്പറയുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റം ഗൗരവമേറിയതാണെങ്കിൽ, വിചാരണ വേഗത്തിലാക്കുന്നതു പ്രോസിക്യൂഷനാണ് ഉറപ്പാക്കേണ്ടത്. വിചാരണ നീണ്ടാൽ, ജാമ്യത്തെ എതിർക്കാൻ പ്രോസിക്യൂഷന് അനുമതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.