ADVERTISEMENT

ന്യൂഡൽഹി ∙ 2029 വരെ തുടരാമായിരുന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻ മനോജ് സോണി രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും വിശ്വസ്തനായി അറിയപ്പെടുന്ന മനോജ് സോണി വ്യക്തിപരമായ കാരണങ്ങൾ കാട്ടി ഒരു മാസം മുൻപാണു രാജി നൽകിയത്. രാജി രാഷ്ട്രപതി ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നാണു വിവരം. 

വ്യാജ രേഖകൾ നൽകി സിവിൽ സർവീസ് നേടിയ ഐഎഎസ് പ്രബേഷനറി ഉദ്യോഗസ്ഥ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി രാജിക്കു ബന്ധമില്ലെന്നാണു കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. രാജിക്കാര്യം കേന്ദ്രസർക്കാർ ഇതുവരെ സ്ഥിരീകരിക്കുകയോ പുതിയ ചെയർമാനെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. 

അതേസമയം, രാജി വാർത്ത പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ വിമർശനവുമായി രംഗത്തെത്തി. യുപിഎസ്‌സിയുമായി ബന്ധപ്പെട്ട വിവിധ വിവാദങ്ങൾ രാജ്യത്തെ മുഴുവൻ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ‘എക്സി’ൽ കുറിച്ചു. യോഗ്യതയില്ലാത്തവർ വ്യാജ ജാതി, മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകി പദവികൾ സ്വന്തമാക്കുന്നത്, സംവിധാനത്തിന്റെ വീഴ്ചയാണെന്നും ഖർഗെ അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രിയുടെ വിശ്വസ്തൻ 

2017 ൽ യുപിഎസ്‌സി അംഗമായ മനോജ് സോണി മേയ് 16നാണു ചെയർമാനായത്. കൂടുതൽ സമയം സാമൂഹിക–ആധ്യാത്മിക പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാൻ താൽപര്യപ്പെട്ടാണു പദവി ഒഴിയുന്നതെന്നാണു വിവരം. 2020 ൽ സന്യാസിയായി ദീക്ഷ സ്വീകരിച്ച മനോജ് സോണി ഗുജറാത്തിലെ അനൂപം മിഷന്റെ ഭാഗമാണ്. 2005 ൽ 40–ാം വയസ്സിൽ ഗുജറാത്തിലെ ബറോഡ എം.എസ്.സർവകലാശാലയുടെ വൈസ് ചാൻസലറായി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തയാറാക്കിയിരുന്നതു മനോജ് സോണിയാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. 

English Summary:

Union Public Service Commission Chairman Manoj Soni resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com