നീറ്റ്–യുജി: മാർക്ക് നേട്ടത്തിൽ കോട്ടയം മൂന്നാമത്, മുന്നിൽ സീക്കറും കോട്ടയും
Mail This Article
ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) കോട്ടയം ഉൾപ്പെടെയുള്ള നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലെ വിദ്യാർഥികൾ മികവു കാട്ടിയതായി ദേശീയ പരീക്ഷാ ഏജൻസിയുടെ രേഖകൾ വ്യക്തമാക്കുന്നു. രാജസ്ഥാനിലെ സീക്കർ, കോട്ട, കേരളത്തിലെ കോട്ടയം, ഗുജറാത്തിലെ രാജ്‌കോട്ട്, ഹരിയാനയിലെ റോത്തക് തുടങ്ങിയ നഗരങ്ങളിലെ കേന്ദ്രങ്ങളിൽ പ്രകടനം ഉയർന്ന നിലയിലാണെന്നും എൻട്രൻസ് പരിശീലനകേന്ദ്രങ്ങളുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്നുമാണ് ദേശീയ പരീക്ഷാ ഏജൻസി(എൻടിഎ)യുടെ വിശദീകരണം.
കോട്ടയം ചിന്മയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 386 പേരിൽ 10.4% പേർ 600നു മുകളിൽ മാർക്ക് നേടി. ഇവിടെ ഏറ്റവും ഉയർന്ന സ്കോർ 701 ആണ്. 700നു മുകളിൽ സ്കോർ നേടിയ 3 പേർ ഇവിടെയുണ്ട്. 650–699 മാർക്കുള്ളത് 11 പേർക്ക്. 600–649 സ്കോർ 26 പേർ സ്വന്തമാക്കി. കോട്ടയം വാഴൂർ വിദ്യാനന്ദ വിദ്യാഭവനിൽ പരീക്ഷയെഴുതിയ 182 പേരിൽ 8.2% പേർക്കാണ് 600നു മുകളിൽ സ്കോറുള്ളത്. പാമ്പാടി ബസേലിയോസ് ജൂനിയർ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 183 പേരിൽ 20 പേർക്കാണു 600നു മുകളിൽ സ്കോറുള്ളത്; 11%.
രാജസ്ഥാനിലെ കോട്ടയെക്കാൾ, ഇക്കുറി സീക്കർ മുന്നേറിയെന്നും കണക്കുകൾ പറയുന്നു. സീക്കറിലെ ടാഗോർ പിജി കോളജിൽ പരീക്ഷയെഴുതിയ 356 പേരിൽ 20.5% പേർ 600നു മുകളിൽ സ്കോർ നേടി. 710 ആണ് ഇവിടുത്തെ ഉയർന്ന സ്കോർ. 700നു മുകളിൽ സ്കോർ 5 പേർക്കും 650–699 സ്കോർ 38 പേർക്കുമുണ്ട്. 600നു മുകളിൽ മാർക്കു നേടിയവരുടെ ശരാശരിയിൽ സീക്കർ, കോട്ട എന്നിവയ്ക്കു പിന്നിൽ മൂന്നാമതാണു കോട്ടയത്തെ പരീക്ഷാകേന്ദ്രങ്ങൾ.
ആദ്യ 1000 റാങ്കിൽ ഇടംപിടിച്ചവരിൽ സീക്കറിലെ കേന്ദ്രങ്ങളിൽ പരീക്ഷയെഴുതിയ 55 വിദ്യാർഥികളാണ് ഇക്കുറിയുള്ളത്. കഴിഞ്ഞ വർഷമിത് 27 ആയിരുന്നു. കോട്ടയിൽ പരീക്ഷയെഴുതിയവരിൽ 35 പേരും കോട്ടയത്തെ 25 പേരും ആദ്യ ആയിരത്തിൽ ഇടം പിടിച്ചു. കഴിഞ്ഞ വർഷം കോട്ടയിൽ 13, കോട്ടയത്തു 14 എന്നിങ്ങനെയായിരുന്നു നില.
ലക്നൗ (35), കൊൽക്കത്ത (27), ലാത്തൂർ (25), നാഗ്‌പുർ (20), ഫരീദാബാദ് (19), ഇൻഡോർ (17), കാൻപുർ (16) തുടങ്ങിയ നഗരങ്ങളിൽനിന്നും വിദ്യാർഥികളിൽ 700നു മുകളിൽ മാർക്കു നേടിയിട്ടുണ്ട്.
ഹർജിയിൽ ഇന്ന് തുടർവാദം
∙ നീറ്റ്–യുജി പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹർജിയിൽ സുപ്രീം കോടതി തുടർവാദം ഇന്നു കേൾക്കും. ഇന്നു തന്നെ അന്തിമതീർപ്പുണ്ടാക്കുമെന്നാണു കഴിഞ്ഞദിവസം കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞിരുന്നത്. സുപ്രീം കോടതി പരിഗണനയിലുള്ള നാൽപ്പതോളം ഹർജികളിൽ ഭൂരിഭാഗവും പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെടുന്നുവെങ്കിലും വ്യാപകമായ ചോദ്യക്കടലാസ് ചോർച്ചയുണ്ടായിട്ടില്ലെന്നും വീണ്ടും പരീക്ഷ നടത്തേണ്ട ആവശ്യമില്ലെന്നുമാണു കേന്ദ്രസർക്കാരിന്റെയും എൻടിഎയുടെയും വാദം.