നീറ്റ് യുജി: പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള ഫലം പ്രഖ്യാപിച്ചു; നടപടി സുപ്രീംകോടതി നിർദേശപ്രകാരം
Mail This Article
ന്യൂഡൽഹി∙സുപ്രീംകോടതി നിർദേശത്തെ തുടർന്ന് നീറ്റ് യുജി പരീക്ഷാ ഫലം വീണ്ടും പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ നടപടി. ജൂലൈ 18നാണ് സുപ്രീം കോടതി പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ ദേശീയ പരീക്ഷാ ഏജൻസിയോട് നിർദേശിച്ചത്.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് exams.nta.ac.in/NEET/ , neet.ntaonline.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാവുന്നതാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തവിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാകേന്ദ്രം തിരിച്ചുള്ള ഫലപ്രഖ്യാപനം. വിദ്യാർഥികൾ നേടിയ മാർക്ക് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും എന്നാൽ വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്നും കോടതി ഏജൻസിയോട് നിർദേശിച്ചിട്ടുണ്ട്.
14 വിദേശ നഗരങ്ങളിൽ ഉൾപ്പെടെ 571 നഗരങ്ങളിലായിട്ടായിരുന്നു മേയ് 5ന് നീറ്റ് യുജി പരീക്ഷ നടന്നത്. 23.33 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് 4,750 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷ എഴുതിയത്.