ADVERTISEMENT

ഭോപാൽ ∙ ഭക്ഷണശാലകളുടെ മുന്നിൽ ഉടമസ്ഥരുടെ പേരും ഫോൺനമ്പറും പ്രദർശിപ്പിക്കണമെന്ന് മധ്യപ്രദേശിലെ ഉജ്ജയിൻ മുനിസിപ്പൽ കോർപറേഷൻ നിർദേശം നൽകി. കൻവർ തീർഥയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിൽ ഭക്ഷണശാലകൾ നടത്തുന്നവരുടെ പേരു പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിനെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി പിന്തുണച്ചതിനു പിന്നാലെയാണ് ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിലും സമാനമായ നീക്കം. ഉജ്ജയിനിലെ പ്രശസ്തമായ മഹാകാല ക്ഷേത്രത്തിൽ തീർഥാടനം ഇന്ന് ആരംഭിക്കും.

അതേസമയം ഈ ഉത്തരവ് മുസ്‌ലിം കച്ചവടക്കാരെ തിരിച്ചറിയുന്നതിനു വേണ്ടിയാണെന്ന ആരോപണം ഉജ്ജയിൻ മേയർ മുകേഷ് തത്‌വൽ നിഷേധിച്ചു. തീർഥാടകരുടെ സുരക്ഷയ്ക്കു വേണ്ടിയാണ് ഉത്തരവെന്നും അവകാശപ്പെട്ടു. ഉത്തരാഖണ്ഡിലും സമാന ഉത്തരവ് നൽകി. ഇതിനിടെ ഉത്തർപ്രദേശിൽ അധികൃതർ നൽകിയ ഉത്തരവിനെതിരെ ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) അധ്യക്ഷൻ ജയന്ത് ചൗധരി ശക്തമായി രംഗത്തുവന്നു. ഇനി മുതൽ ഒരാൾ തന്റെ വസ്ത്രത്തിൽ പേര് എഴുതി വയ്ക്കണമെന്ന നിയമം വരുമോ എന്ന് അദ്ദേഹം ചോദിച്ചു. ‘കൻവർ തീർഥാടകർ ഏതെങ്കിലും ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നവരല്ല. അവർ ആരുടെയും മതം ചോദിക്കാറുമില്ല’. ആലോചിക്കാതെയെടുത്ത ഈ തീരുമാനം പിൻവലിക്കാൻ വൈകിയിട്ടില്ലെന്ന് രാജ്യസഭാംഗം കൂടിയായ ജയന്ത് ചൗധരി പറഞ്ഞു.

ഇതിനിടെ കൻവർ യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ പല ഭക്ഷണശാലകളുടെയും ഉടമകൾ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ തുടങ്ങി. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കടയിലെത്തുന്നവരുടെ എണ്ണം കുറയുമെന്നും കടയുടമകൾ ചൂണ്ടിക്കാട്ടി.

ഹർജി ഇന്ന് സുപ്രീം കോടതിയിൽ

യുപി സർക്കാർ തീരുമാനം ചോദ്യം ചെയ്ത് പൗരാവകാശ സംഘടനയായ അസോസിയേഷൻ ഓഫ് പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പാർലമെന്റ് ചേരുന്നതിനു മുന്നോടിയായി നടന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ്, ഡിഎംകെ. എസ്പി, ആംആദ്മി പാർട്ടി എന്നിവർ ഉത്തരവിനെ ചോദ്യം ചെയ്തു. പാർലമെന്റിൽ വിഷയം ഉന്നയിക്കാനും തീരുമാനിച്ചു. മുസ്‌ലിംകളെയും പട്ടികവിഭാഗങ്ങളും വേർതിരിച്ചുകാണാൻ വേണ്ടിയുള്ളതാണ് ഉത്തരവെന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

English Summary:

Shop owner name should be in front of eateries: Controversial order also in Ujjain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com