കൻവർ: കടയുടമയുടെ പേര് പ്രദർശിപ്പിക്കലിന് സ്റ്റേ; സസ്യാഹാരമോ മാംസാഹാരമോ എന്നതു പരസ്യമാക്കണം
Mail This Article
ന്യൂഡൽഹി ∙ ഹൈന്ദവ തീർഥയാത്രയായ ‘കൻവർ യാത്ര’ കടന്നു പോകുന്ന ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും മധ്യപ്രദേശിലെയും സ്ഥലങ്ങളിലെ ഭക്ഷ്യവിൽപന ശാലകളിൽ ഉടമസ്ഥരുടെ പേരു പ്രദർശിപ്പിക്കണമെന്ന സംസ്ഥാന അധികൃതരുടെ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. വിതരണം ചെയ്യുന്നത് സസ്യാഹാരമാണോ മാംസാഹാരമാണോ എന്നതു പരസ്യമാക്കണമെന്ന് ജഡ്ജിമാരായ ഋഷികേശ് റോയി, എസ്.വി.എൻ. ഭട്ടി എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.
യുപിയിൽ മുസഫർനഗർ എസ്പി വിവാദ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് തുടക്കം. പിന്നീട് ഉത്തരാഖണ്ഡിലും മധ്യപ്രദേശിലെ ഉജ്ജയിനിലെ മുനിസിപ്പൽ കോർപറേഷനിലും സമാന നിർദേശം നൽകി. മതവിവേചനം സൃഷ്ടിക്കുന്നതാണ് ഉത്തരവെന്നു ചൂണ്ടിക്കാട്ടി മഹുവ മൊയ്ത്ര എംപി, പ്രഫ. അപൂർവാനന്ദ് ഝാ, ആകാർ പട്ടേൽ എന്നിവരും അസോസിയേഷൻ ഫോർ പ്രൊട്ടക്‌ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്ന സംഘടനയുമാണ് ഹർജി നൽകിയത്. യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി സർക്കാരുകൾക്കു കോടതി നോട്ടിസ് അയച്ചു.
മഹുവ മൊയ്ത്രയ്ക്കായി ഹാജരായ അഭിഷേക് മനു സിങ്‌വി നിർദേശത്തിനു പിന്നിലെ യുക്തി ചോദ്യം ചെയ്തു. സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്നും ഉത്തരവു പുറപ്പെടുവിച്ച പൊലീസ് ഉദ്യോഗസ്ഥർ നടപടിയിലേക്കു കടന്ന് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുകയാണെന്നും സിങ്‌വി ചൂണ്ടിക്കാട്ടി.
കടയുടമകളുടെ മതവും ജാതിയും തിരിച്ചറിയാനും അതു സാമ്പത്തിക ഉപരോധം സൃഷ്ടിക്കുന്നതിലേക്കു നയിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാണോ വെറും നിർദേശമാണോ യുപി പൊലീസിന്റേതെന്നു കോടതി ചോദിച്ചു.
കൻവർ യാത്ര
ശ്രാവണ മാസത്തിൽ, ശിവഭക്തർ (കൻവാരിയകൾ) നടത്തുന്ന കാവടി യാത്രയാണ് കൻവർ യാത്ര. ഹരിയാന, ഡൽഹി, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിലെത്തി ഗംഗയിൽ സ്നാനം ചെയ്തു തീർഥം കാൽനടയായി സ്വന്തം ഗ്രാമത്തിലെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോകുന്നതാണ് ചടങ്ങ്. മാംസാഹാരം ഉൾപ്പെടെ ഉപേക്ഷിച്ചു കഠിന വ്രതാനുഷ്ഠാനത്തോടെയാണ് യാത്ര.