ബഹിരാകാശ സാങ്കേതിക മേഖല; 1000 കോടിയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് ഒരുക്കും
Mail This Article
ന്യൂഡൽഹി ∙ ബഹിരാകാശ സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 1000 കോടി രൂപയുടെ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ട് രൂപീകരിക്കുമെന്നു ബജറ്റിൽ പ്രഖ്യാപനം. സ്പേസ് ഇക്കോണമിയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണു പദ്ധതിയെന്നും അടുത്ത 10 വർഷത്തിനുള്ളിൽ ഇത് 5 മടങ്ങായി ഉയർത്തുകയാണു ലക്ഷ്യമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
12 വ്യവസായ പാർക്കുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും മേഖലയ്ക്കു കരുത്തേകുമെന്നാണു വിലയിരുത്തൽ. സ്പേസ് പാർക്കുകൾ ഇതിന്റെ ഭാഗമായി വരുമെന്നും സ്വകാര്യ മേഖലയിലെ സാറ്റലൈറ്റ് നിർമാണത്തിനുൾപ്പെടെ ഇതു കരുത്തേകുമെന്നും ഈ മേഖലയിലെ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഇന്ത്യൻ സ്പേസ് അസോസിയേഷൻ വ്യക്തമാക്കി.
അടിസ്ഥാന ഗവേഷണം, പ്രോട്ടോടൈപ്പുകളുടെ വികസനം എന്നിവ ലക്ഷ്യമിട്ടുള്ള അനുസന്ധാൻ നാഷനൽ റിസർച് ഫണ്ട് ആരംഭിക്കുമെന്നും നിർമല പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയെയും ഭാഗമാക്കി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് ക്രമീകരിക്കുകയാണു ലക്ഷ്യം.
ഡീപ് ഓഷ്യൻ മിഷന് ഇക്കുറി ബജറ്റിൽ 600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സമുദ്രത്തിന്റെ അഗാധങ്ങളിൽ ഗവേഷണവും പഠനവും നടത്താനുള്ള സമുദ്രയാൻ പദ്ധതിക്ക് ഇതു കരുത്തേകുമെന്നാണു പ്രതീക്ഷ. കേന്ദ്ര ശാസ്ത്ര–സാങ്കേതിക വകുപ്പിനു കഴിഞ്ഞ ബജറ്റിൽ 4891.78 കോടി രൂപയാണ് വകയിരുത്തിയതെങ്കിൽ ഇക്കുറി 8029.01 കോടി രൂപയായി വർധിച്ചു.
നാഷനൽ ക്വാണ്ടം മിഷന്റെ തുകയാകട്ടെ കഴിഞ്ഞ ബജറ്റിലെ 5 കോടിയിൽനിന്ന് ഇക്കുറി 427 കോടിയായി ഉയർത്തി. ബയോടെക്നോളജി വകുപ്പിനു 2275.7 കോടി രൂപ അനുവദിച്ചു; കഴിഞ്ഞ വർഷം 1607.32 കോടിയായിരുന്നു.