സമയപരിധി കഴിഞ്ഞു; അക്കാദമിയിൽ തിരിച്ച് എത്താതെ പൂജ ഖേദ്കർ
Mail This Article
മുംബൈ ∙വിവാദങ്ങളെ തുടർന്ന് മഹാരാഷ്ട്രയിലെ പരിശീലനം അവസാനിപ്പിച്ച് തിരിച്ചെത്താൻ നിർദേശം ലഭിച്ച പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കർ മസൂറി ഐഎഎസ് അക്കാദമിയിൽ ഹാജരായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. 23നകം തിരിച്ചെത്തണമെന്നാണ് അക്കാദമി ആവശ്യപ്പെട്ടിരുന്നത്. പരീക്ഷയ്ക്ക് വ്യാജ രേഖകൾ ഹാജരാക്കിയതിന് ഉൾപ്പെടെ പൂജയ്ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ സത്യമാണെന്നു കണ്ടെത്തിയ യുപിഎസ്‌സിയുടെ പരാതിയിൽ ഡൽഹി പൊലീസും കേസെടുത്തിട്ടുണ്ട്.
ഐഎഎസ് റദ്ദാക്കാതിരിക്കാൻ കാരണം വ്യക്തമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഇതിനിടെ, പൂജയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയോ എന്നു കണ്ടെത്താൻ കേന്ദ്രം നിർദേശിച്ചതിനു പിന്നാലെ പുണെ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കൾ ബന്ധം വേർപെടുത്തിയെന്നും അമ്മയുടെ ഒപ്പമാണു താമസിക്കുന്നതെന്നുമാണ് പൂജയുടെ വാദം. എന്നാൽ, ഒബിസി നോൺ–ക്രീമിലെയർ ആനുകൂല്യം ലഭിക്കാൻ വേണ്ടി കഥ മെനഞ്ഞെന്നാണു സംശയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പിതാവ് ദിലീപ് ഖേദ്കർ 40 കോടി രൂപയുടെ സ്വത്ത് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു.
ഭൂമിതർക്കത്തിൽ കർഷകനു നേരെ തോക്കു ചൂണ്ടിയ ദിലീപിന് അറസ്റ്റിൽ നിന്നുള്ള സംരക്ഷണം ഇന്ന് അവസാനിക്കും. ഇൗ കേസിൽ പൂജയുടെ അമ്മ മനോരമ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.