തോരാതെ മഴ; പുണെയിൽ നാലു മരണം
Mail This Article
മുംൈബ∙ പെരുമഴയും പ്രളയവും ദുരിതം വിതച്ച പുണെ ജില്ലയിൽ മഴക്കെടുതിയിൽ നാലു പേർ മരിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ഒട്ടേറെ ഹൗസിങ് സൊസൈറ്റികളിൽ വെള്ളം കയറി. നൂറുകണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. പുണെ നഗരത്തിൽ നദീതീരത്തുള്ള സിൻഘഡ് മേഖലയിൽ നിന്നു മാത്രം 400 പേരെ ഒഴിപ്പിച്ചു. കരസേനയും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾക്കു രംഗത്തിറങ്ങി. വെള്ളത്തിൽ മുങ്ങിയ തട്ടുകട ഉയർത്താൻ ശ്രമിക്കവെ ഷോക്കേറ്റാണു മൂന്നു പേർ മരിച്ചത്. മണ്ണിടിച്ചിലിലാണു മറ്റൊരാൾ മരിച്ചത്. ലവാസ മലനിരയിൽ മണ്ണിടിച്ചിലിൽ 2 പേർ കുടുങ്ങിയതായി സംശയിക്കുന്നു. പുണെ ജില്ലയിൽ പലയിടങ്ങളിലും റോഡുകൾ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ മിക്കയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
-
Also Read
ജാമ്യമില്ല; പ്രജ്വൽ ജയിലിൽ തുടരും
മുംബൈ നഗരത്തിൽ ഇന്നലെ രാവിലെ നാലിനും ഉച്ചയ്ക്ക് ഒന്നിനും മധ്യേ 100 മില്ലീമീറ്ററിൽ അധികം മഴ പെയ്തു. കൊങ്കൺ, പാൽഘർ ഉൾപ്പെടെയുള്ള മേഖലകളിലും മഴ തുടരുകയാണ്. അലിബാഗിൽ ജെഎസ്ഡബ്ല്യു കമ്പനിയുടെ ടഗ് ബോട്ട് എൻജിൻ തകരാറിനെത്തുടർന്ന് അറബിക്കടലിൽ കുടുങ്ങി. ബോട്ടിലെ 14 പേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മഴയിൽ താനെ ജില്ലയിലെ പല മേഖലകളിലും വെള്ളം ഉയർന്നിട്ടുണ്ട്.