അഗ്നിവീറുകൾക്ക് ജോലി സംവരണവുമായി കൂടുതൽ ബിജെപി ഭരണ സംസ്ഥാനങ്ങൾ
Mail This Article
ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ പേരിൽ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ, വിരമിക്കുന്ന അഗ്നിവീറുകൾക്ക് ബിജെപി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങൾ തൊഴിൽ സംവരണം പ്രഖ്യാപിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരായ ജനവികാരം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.
അഗ്നിവീറുകൾക്ക് 10% സംവരണം പ്രഖ്യാപിച്ച് ഹരിയാനയാണ് ആദ്യം രംഗത്തെത്തിയത്. പൊലീസ് കോൺസ്റ്റബിൾ, മൈനിങ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയിൽ വാർഡർ, സ്പെഷൽ പൊലീസ് ഓഫിസർ തസ്തികകളിലാണ് കഴിഞ്ഞ 17ന് ഹരിയാന സംവരണം പ്രഖ്യാപിച്ചത്. കാർഗിൽ വിജയദിനമായ ഇന്നലെ യുപി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകൾ സമാന പ്രഖ്യാപനം നടത്തി. പൊലീസിലും പ്രാദേശിക സായുധസേനയിലും മുൻഗണന നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും പ്രഖ്യാപിച്ചു.
സംവരണം ഏർപ്പെടുത്താൻ നിയമം കൊണ്ടുവരുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. വീരമൃത്യു വരിക്കുന്ന സൈനികരുടെ ആശ്രിതർക്കുള്ള സഹായധനം 10 ലക്ഷം രൂപയിൽനിന്ന് 50 ലക്ഷമാക്കി ഉയർത്തിയതായും അദ്ദേഹം അറിയിച്ചു.
അഗ്നിപഥ് പദ്ധതിയെ എതിർക്കുന്നതിന്റെ പേരിൽ പ്രതിപക്ഷത്തെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നാക്രമിച്ചതിനു പിന്നാലെയാണു 3 സംസ്ഥാനങ്ങൾ സംവരണം പ്രഖ്യാപിച്ചത്.