ADVERTISEMENT

ന്യൂഡൽഹി ∙ യുപി ബിജെപിയിൽ ചേരിപ്പോരു രൂക്ഷമായിരിക്കെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് യോഗി ഡൽഹിയിലെത്തുന്നത്. യോഗിയും അദ്ദേഹത്തിനെതിരെ പടനീക്കം നയിക്കുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ഇന്നലെ ഡൽഹിയിലെത്തി. ചില കേന്ദ്ര നേതാക്കളുമായി ഇന്നലെ വൈകിട്ടുതന്നെ ഇരുവരും വെവ്വേറെ കൂടിക്കാഴ്ച നടത്തിയതായാണു വിവരം. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി വിലയിരുത്താനും 10 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു പാർട്ടിയെ സജ്ജമാക്കാനുമായി യോഗി ഇരുനൂറിലേറെ പ്രാദേശിക നേതാക്കളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടിപ്രവർത്തകരെ ഉദ്യോഗസ്ഥരും സർക്കാരും അവഗണിക്കുന്നതാണു തിരിച്ചടിക്കു കാരണമെന്ന വിമതവിഭാഗത്തിന്റെ വാദത്തെ മറികടക്കാനാണിത്. 

ഒബിസി സംവരണവിഷയം കൂടി ഉയർത്തിയാണു വിമതരുടെ നീക്കം. കരാർ തൊഴിലിലും പുറംജോലിയിലും സംവരണം പാലിക്കുന്നില്ലെന്ന് ആരോപിച്ച് കേശവ് പ്രസാദ് മൗര്യ ജൂൺ ആദ്യം സംസ്ഥാന പഴ്സനേൽ വകുപ്പിനെഴുതിയ കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഉൾപ്പോരിന്റെ ഭാഗമായാണു കത്തു പുറത്തുവന്നതെന്നു വ്യക്തം. 

സംവരണ വിഷയത്തിൽ അപ്നാദൾ നേതാവും കേന്ദ്രസഹമന്ത്രിയുമായ അനുപ്രിയ പട്ടേൽ യുപി സർക്കാർ ഉദ്യോഗസ്ഥരുടെ നിലപാടിനെതിരെ യോഗിക്കു കത്തെഴുതിയിരുന്നു. സംസ്ഥാന സഹമന്ത്രി പദവിയുള്ള യുപി ട്രാൻസ്ജെൻഡർ വെൽഫെയർ ബോർഡ് ഉപാധ്യക്ഷ സോനം ചിസ്തി രാജിവച്ചതും യോഗിക്കെതിരായ വിമതനീക്കത്തിന്റെ ഭാഗമായിരുന്നു. തൽക്കാലം ശാന്തമായിരിക്കാനാണ് ഇരുവിഭാഗത്തിനും കേന്ദ്രനേതൃത്വം നൽകിയിരിക്കുന്ന നിർദേശം. പ്രശ്നപരിഹാരത്തിന് ആർഎസ്എസ് ഇടപെടുന്നതായും റിപ്പോർട്ടുണ്ട്. 

English Summary:

Chief Minister Yogi Adityanath will meet central leaders including Prime Minister today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com