ഇന്ത്യാസഖ്യത്തിനും കോൺഗ്രസിനും കൈ കൊടുക്കാൻ ജഗൻ
Mail This Article
അമരാവതി ∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.ജഗൻമോഹൻ റെഡ്ഡിയും അദ്ദേഹത്തിന്റെ വൈഎസ്ആർ കോൺഗ്രസും ഇന്ത്യാസഖ്യത്തോടും കോൺഗ്രസിനോടും അടുക്കുന്നതായി സൂചന. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗൻ പിതാവിന്റെ മരണശേഷം ഹൈക്കമാൻഡുമായി തെറ്റിയാണ് കോൺഗ്രസ് വിട്ടു പാർട്ടി രൂപീകരിച്ചത്. ഇതോടെ ആന്ധ്രയിൽ കോൺഗ്രസ് ഫലത്തിൽ ഇല്ലാതായി. 2014ലെ സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎൽഎയോ എംപിയോ കോൺഗ്രസിന് ആന്ധ്രയിൽനിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ജഗന്റെ സഹോദരി വൈ.എസ്.ശർമിളയെ പിസിസി അധ്യക്ഷയാക്കി തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും അതും വിജയംകണ്ടില്ല.
ശർമിളയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പ്രചാരണം പൂർണമായി ജഗൻ സർക്കാരിനെതിരായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിനു ശേഷം ഇരുപാർട്ടികളും തമ്മിലുള്ള സമവാക്യത്തിൽ മാറ്റം വന്നുകഴിഞ്ഞു. സർവകക്ഷിയോഗത്തിൽ ആന്ധ്രയ്ക്കു പ്രത്യേക പദവി തെലുങ്കുദേശം പാർട്ടി ആവശ്യപ്പെട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് വിമർശിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസ് വാദിച്ച കാര്യം എടുത്തുപറയുകയും ചെയ്തു.
തെലുങ്കുദേശം അധികാരത്തിലെത്തിയതിനു പിന്നാലെ പാർട്ടി പ്രവർത്തകർക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം ജഗൻ ഡൽഹിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ത്യാസഖ്യത്തിലെ പല കക്ഷികളും ഈ പ്രതിഷേധത്തിനെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അഖിലേഷ് യാദവ് (എസ്പി), സഞ്ജയ് റാവുത്ത് (ശിവസേന– ഉദ്ധവ് വിഭാഗം) എന്നിവർക്കു പുറമേ തൃണമൂൽ കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു.
ഇന്ത്യാസഖ്യത്തിന്റെ ക്ഷണത്തോടു ജഗനും അനുകൂലമായി പ്രതികരിച്ചതായാണു സൂചന. 4 ലോക്സഭാ സീറ്റും 11 രാജ്യസഭാ സീറ്റും ഉള്ള വൈഎസ്ആർ കോൺഗ്രസ് എത്തുന്നത് സഖ്യത്തിനു കരുത്തുനൽകും. ശർമിളയുടെ നേതൃത്വത്തിലുള്ള എതിർപ്പ് ഇല്ലാതാകുന്നത് സംസ്ഥാനത്തു ജഗനും ഗുണം ചെയ്യും.