കേന്ദ്ര ഇടപെടലിനു പിന്നാലെ യോഗിക്കെതിരെ മൗര്യ വീണ്ടും; തിരഞ്ഞെടുപ്പു ജയിക്കുന്നത് സർക്കാരിന്റെ മികവുകൊണ്ടല്ലെന്ന് പരാമർശം
Mail This Article
ന്യൂഡൽഹി ∙ ഉത്തർപ്രദേശ് ബിജെപിയിലെ ചേരിപ്പോരിൽ കേന്ദ്രനേതൃത്വം ഇടപെട്ടു നടത്തിയ അനുനയ ചർച്ചയ്ക്കു പിന്നാലെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ ഒളിയമ്പ്.
-
Also Read
സിബിഐ ദയനീയ പരാജയം: ആഞ്ഞടിച്ച് ഹൈക്കോടതി
സർക്കാരിന്റെ മികവു കൊണ്ടല്ല തിരഞ്ഞെടുപ്പു ജയിക്കുന്നതെന്നാണു മൗര്യയുടെ പുതിയ പരാമർശം. ‘സ്വന്തം സർക്കാരുള്ളപ്പോഴാണോ 2014 ൽ കേന്ദ്രത്തിലും 2017 ൽ യുപിയിലും ബിജെപി ജയിച്ചത്? സർക്കാരുണ്ടെങ്കിൽ അതിന്റെ ബലത്തിൽ ജയിക്കാമെന്നാണു വിചാരം. പാർട്ടിയാണു മത്സരിക്കുന്നതും ജയിക്കുന്നതും. സർക്കാരിന്റെ ബലത്തിൽ ജയിക്കാൻ കഴിയില്ല.’ – ലക്നൗവിൽ ഒബിസി മോർച്ച സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ മൗര്യ പറഞ്ഞു.
സർക്കാരും ഉദ്യോഗസ്ഥരും പാർട്ടിപ്രവർത്തകരെ ഗൗനിക്കാതിരുന്നതാണു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപിക്കു തിരിച്ചടിയേൽക്കാൻ കാരണമെന്നാണു കേശവ് പ്രസാദ് മൗര്യയുടെ നിലപാട്.
ഗ്രൂപ്പുവഴക്കു തീർക്കാൻ ഞായറാഴ്ച കേന്ദ്ര നേതൃത്വം ഇരുനേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 10 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പു കഴിയും വരെ യുപിയിൽ നേതൃമാറ്റം വേണ്ടെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.