യോഗി തുടരും; യുപിയിൽ വെടിനിർത്തൽ
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പു കഴിയുംവരെ സ്ഥാനചലനമുണ്ടാകില്ലെന്നുറപ്പാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പാഠക് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള കേന്ദ്രനേതാക്കൾ കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ പാർട്ടിയിലോ സർക്കാരിലോ മാറ്റമുണ്ടാകില്ലെന്നും ബാക്കിയെല്ലാം അഭ്യൂഹങ്ങളാണെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ഭുപേന്ദ്ര സിങ് ചൗധരി പ്രതികരിച്ചു. 2 മാസത്തോളമായി നടക്കുന്ന അഭ്യൂഹങ്ങൾക്കൊടുവിൽ ബിജെപി നേതൃത്വം നടത്തിയ ആദ്യ പ്രതികരണമാണിത്.
തൊട്ടുപിറകെ, വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നു യോഗി ആദിത്യനാഥ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. തൽക്കാലം വെടിനിർത്തലുണ്ടായെന്നാണ് സൂചന. ആർഎസ്എസിന്റെ ഇടപെടലും സഹായിച്ചു. 10 സീറ്റുകളിലേക്കു നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥിനു പൂർണ സ്വാതന്ത്ര്യം ബിജെപി നൽകും.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം വരുന്ന ഉപതിരഞ്ഞെടുപ്പ് യോഗി നേരിടുന്ന പ്രധാന വെല്ലുവിളിയാകും. യോഗി പാർട്ടി പ്രവർത്തകരെ അവഗണിക്കുന്നുവെന്ന വിമതരുടെ പരാതിയുടെ പശ്ചാത്തലത്തിൽ, പൂർണമായും സംസ്ഥാന ഭരണത്തിന്റെയും മുഖ്യമന്ത്രിയുടെയും വിലയിരുത്തലാകും ഉപതിരഞ്ഞെടുപ്പ്.