രാജീവ് ഫൗണ്ടേഷനുകളിൽ എത്ര ഒബിസിക്കാരുണ്ട്? രാഹുലിനോട് നിർമല
Mail This Article
ന്യൂഡൽഹി ∙ ബജറ്റിനു മുന്നോടിയായുള്ള ‘ഹൽവ പാചക’ത്തിൽ പിന്നാക്ക വിഭാഗക്കാരായ ഒരാൾപോലുമില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് ലോക്സഭയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അതേ നാണയത്തിൽ തിരിച്ചടിച്ചു. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃനിരയിൽ എത്ര എസ്‍സി, എസ്ടി, ഒബിസി വിഭാഗക്കാരുണ്ടെന്ന് നിർമല ചോദിച്ചു. രാഹുലിന്റെ പരാമർശം തന്നെ വളരെയധികം വേദനിപ്പിച്ചുവെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ നിർമല പറഞ്ഞു.
ബജറ്റിനു മുന്നോടിയായുള്ള ഹൽവ പാചക ചടങ്ങിന്റെ ചിത്രം കാട്ടി പിന്നാക്ക വിഭാഗക്കാരോടുള്ള അവഗണനയെക്കുറിച്ചു രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സഭയിൽ പരാമർശിച്ചിരുന്നു. 20 ഉദ്യോഗസ്ഥരാണു ബജറ്റ് തയാറാക്കിയത്. ഇതിൽ ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ഒരാൾ മാത്രമാണുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം 2013–14 ൽ യുപിഎ കാലത്താണ് ഹൽവ പാചകം ഒരു ചിത്രമെടുക്കൽ ചടങ്ങ് കൂടിയായി മാറിയതെന്ന് നിർമല ചൂണ്ടിക്കാട്ടി.
അന്നത്തെ ചടങ്ങിൽ പങ്കെടുത്ത പി.ചിദംബരത്തോട് രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് പിന്നാക്ക വിഭാഗക്കാരായ ഉദ്യോഗസ്ഥരുടെ കണക്കെടുക്കാതിരുന്നത്? പിന്നാക്ക വിഭാഗക്കാരില്ലെങ്കിൽ ‘റിമോട്ട് കൺട്രോൾ’ ഭരണം കയ്യിലുള്ള രാഹുലിന് അന്ന് ഹൽവ റദ്ദാക്കാമായിരുന്നില്ലേ?
ഒബിസി സംവരണത്തിനെതിരെ ജവാഹർലാൽ നെഹ്‍റു, രാജീവ് ഗാന്ധി എന്നിവർ നടത്തിയ ചില പരാമർശങ്ങളും നിർമല വായിച്ചു. അഗ്നിവീർ വിഷയത്തിൽ സൈന്യത്തിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും നിർമല ആരോപിച്ചു. ബിസിനസ് ചെയ്യുന്ന എല്ലാവർക്കുമെതിരെ വിദ്വേഷം പരത്താനുള്ള ശ്രമം നടക്കുന്നു. നിക്ഷേപങ്ങൾക്ക് പറ്റിയ സ്ഥലമല്ല ഇന്ത്യയെന്ന് വരുത്തിത്തീർക്കാനുള്ള ആസൂത്രിതശ്രമമാണ് നടക്കുന്നത്. പിന്നിൽ ചില കൂട്ടുകെട്ടുകളുണ്ട്.
വിമർശനങ്ങളും മറുപടിയും
∙ ബജറ്റിൽ സംസ്ഥാനങ്ങളോട് വിവേചനം: ബജറ്റിൽ സംസ്ഥാനത്തിന്റെ പേര് പരാമർശിച്ചില്ലെന്നു കരുതി ആ സംസ്ഥാനത്തിന് തുക വകയിരുത്തിയിട്ടില്ലെന്നല്ല അർഥം. അങ്ങനെയായിരുന്നെങ്കിൽ 2004–05 ബജറ്റ് പ്രസംഗത്തി ൽ 17 സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചില്ല. 2009–10ൽ 26 സം സ്ഥാനങ്ങളെ പരാമർശിച്ചില്ല. ഈ സംസ്ഥാനങ്ങളിലേക്ക് പണമെത്തിയില്ലെന്നാണോ അർഥം?
∙ കൃഷി/മിനിമം താങ്ങുവില: എംഎസ്പിയുമായി ബന്ധപ്പെട്ട് എം.എസ്. സ്വാമിനാഥൻ കമ്മിറ്റി എന്തുകൊണ്ട് യുപിഎ നടപ്പാക്കിയില്ല? കർഷകർക്കുവേണ്ടി കോൺഗ്രസ് മുതലക്കണ്ണീരാണ് ഒഴുക്കിയത്. കൃഷിക്കുള്ള ബജറ്റ് വിഹിതം 5 മടങ്ങ് ഈ സർക്കാർ വർധിപ്പിക്കുകയാണ് ചെയ്തത്.
∙ തൊഴിൽ: യുപിഎയുടെ കാലത്ത് തൊഴിൽമേഖലയിൽ ഇടിവു വന്നെന്ന് ആർബിഐ റിപ്പോർട്ട് ചെയ്യേണ്ടിവന്നത് എന്തുകൊണ്ട്? എസ്ബിഐ റിസർച് അനുസരിച്ച് യുപിഎയുടെ 10 വർഷക്കാലത്ത് 2.9 കോടി തൊഴിലുകൾ സൃഷ്ടിച്ചപ്പോൾ 2014 നു ശേഷം സൃഷ്ടിക്കപ്പെട്ടത് 12.5 കോടി തൊഴിലുകളാണ്.
∙ വിലക്കയറ്റം: യുപിഎ കാലത്ത് പലിശനിരക്ക് കുറയ്ക്കാനായി ധനമന്ത്രാലയം റിസർവ് ബാങ്കിൽ വിളിച്ച് സമ്മർദം ചെലുത്തിയെന്ന് വെളിപ്പെടുത്തിയത് മുൻ ആർബിഐ ഗവർണറാണ്. വിലക്കയറ്റത്തിൽ യുപിഎ സർക്കാരുണ്ടാക്കിയ ‘റെക്കോർഡ്’ മറികടക്കുക എളുപ്പമല്ല.
∙ പട്ടിണി: രാജ്യാന്തര പട്ടിണി സൂചികയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സംഘർഷങ്ങൾ നടക്കുന്ന പാക്കിസ്ഥാൻ, സുഡാൻ എന്നീ രാജ്യങ്ങളെക്കാൾ താഴ്ന്ന റാങ്കിൽ ഇന്ത്യ എങ്ങനെ എത്തുന്നു?
വിഴിഞ്ഞത്ത് അദാനി പ്രശ്നമല്ലേ? നിർമല
ന്യൂഡൽഹി ∙ അദാനിക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തുന്ന പ്രതിപക്ഷം കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയതിൽ ഒരു പ്രശ്നവും കാണുന്നില്ലെന്ന് നിർമല സീതാരാമൻ. കോൺഗ്രസ് സർക്കാർ അദാനിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് പദ്ധതി നൽകിയത്. കമ്യൂണിസ്റ്റ് സർക്കാർ ഭരണത്തിലെത്തിയപ്പോൾ അതിലൊരു മാറ്റവും വരുത്തിയില്ല. ഇതൊക്കെയായിട്ടും അദാനി–അംബാനി വിഷയത്തിൽ പ്രതിപക്ഷം ഭരണപക്ഷത്തിന് ക്ലാസെടുക്കുകയാണെന്നും നിർമല ആരോപിച്ചു.