എൻറോൾമെന്റിന് അധികത്തുക പാടില്ലെന്ന് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ അഭിഭാഷകരുടെ എൻറോൾമെന്റിന് അധിക തുക ഈടാക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും സംസ്ഥാന ബാർ കൗൺസിലുകൾക്കും അധികാരമില്ലെന്നു സുപ്രീം കോടതി വിധിച്ചു.
അഡ്വക്കറ്റ്സ് ആക്ട് 24(1) (എഫ്) വകുപ്പിൽ നിഷ്കർഷിച്ചിരിക്കുന്ന തുക മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതുപ്രകാരം പൊതുവിഭാഗം 750 രൂപയും പട്ടികവിഭാഗം 125 രൂപയുമാണ്. സംസ്ഥാന ബാർ കൗൺസിലുകൾ പല നിരക്കുകൾ ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികളാണു പരിഗണിച്ചത്.
ബാർ കൗൺസിലുകൾക്ക് അഭിഭാഷക നിയമത്തിനു വിരുദ്ധമായി ചട്ടം രൂപീകരിക്കാൻ കഴിയില്ലെന്നും ഫീസ് വർധനയുടെ കാര്യത്തിൽ പാർലമെന്റാണു തീരുമാനമെടുക്കേണ്ടതെന്നും കേരളത്തിൽനിന്നുള്ള ഹർജിക്കാർക്കായി രാഗേന്ദ് ബസന്ത് വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണു വിധി.
മറ്റു ചെലവുകൾ, സ്റ്റാംപ് ഡ്യൂട്ടി എന്നിവയുടെ പേരിലും അധിക തുക ഈടാക്കാനാവില്ല. എൻറോൾമെന്റ് സമയത്തു വെരിഫിക്കേഷൻ ഫീസ്, ബിൽഡിങ് ഫണ്ട്, ബനെവലന്റ് ഫണ്ട് തുടങ്ങിയ പേരുകളിൽ ഈടാക്കുന്നതും എൻറോൾമെന്റ് ഫീസായി പരിഗണിക്കപ്പെടുമെന്നു ബെഞ്ച് വിലയിരുത്തി.
കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ഹർജികളും സുപ്രീം കോടതിയിലേക്കു മാറ്റിയിരുന്നു.