ഉത്തരേന്ത്യയിൽ കനത്ത മഴ; 23 മരണം
Mail This Article
ന്യൂഡൽഹി ∙ വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുണ്ടായ അതിവൃഷ്ടിയിലും മണ്ണിടിച്ചിലിലും 23 മരണം. ഒട്ടേറെ പേരെ കാണാതായി. കെട്ടിടങ്ങൾ തകർന്നു. വൻകൃഷിനാശവുമുണ്ട്. വഴികൾ വെള്ളത്തിൽ മുങ്ങിയതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഉത്തരാഖണ്ഡിലാണ് കൂടുതൽ നാശം. ഇവിടെ 12 പേർ മരിച്ചു. ഗൗരികുണ്ഡ്–കേദാർനാഥ് നടപ്പാത വെള്ളത്തിൽ മുങ്ങിയതോടെ 450 തീർഥാടകർ വഴിയിൽ കുടുങ്ങി. മന്ദാകിനി, അളകനന്ദ നദികൾ കരകവിഞ്ഞൊഴുകുന്നു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഹിമാചൽപ്രദേശിൽ 5 പേർ മഴക്കെടുതിയിൽ മരിച്ചു. ഇവിടെ അൻപതിലേറെ പേരെ കാണാതായിട്ടുണ്ട്. മണാലി– ചണ്ഡിഗഡ് ദേശീയപാത മണ്ണിടിച്ചിലിൽ പലയിടത്തും തകർന്നു. കുളുവിലെ മലാന അണക്കെട്ടിനു വിള്ളലുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണത്തിലാണ്.
കനത്ത മഴയിൽ ഡൽഹിയിൽ സബ്സി മണ്ഡിയിൽ ഒരു കെട്ടിടം തകർന്ന് 3 പേർ മരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങി. രാജസ്ഥാനിലും കനത്ത മഴ ജനജീവിതം തടസ്സപ്പെടുത്തി. ജയ്പുരിൽ ഒരു വീടിന്റെ അടിനിലയിൽ വെള്ളം കയറി 3 പേർ മുങ്ങിമരിച്ചു. ബിഹാറിൽ ഇടിമിന്നലേറ്റ് 12 പേർ മരിച്ചു. ഗയ(5), ജഹനാബാദ്(3), നളന്ദ, റോത്താസ് (2 വീതം) ജില്ലകളിലാണ് ഇടിമിന്നൽ നാശം വിതച്ചത്.