ADVERTISEMENT

ബെംഗളൂരു∙ തമിഴ്നാടിനും ബംഗാളിനും പിന്നാലെ കർണാടകയിലും സർക്കാർ–ഗവർണർ സംഘർഷം തുറന്നപോരിലേക്ക്. അഴിമതിയാരോപണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ഗവർണർ നോട്ടിസ് അയച്ചതിനെ എതിർത്ത് കോൺഗ്രസ് സർക്കാരും അനുകൂലിച്ച് ബിജെപി–ദൾ സഖ്യവും റാലികളുമായി ഇന്ന് തെരുവിലേക്കിറങ്ങുന്നു. കേന്ദ്രത്തിന്റെയും ബിജെപി– ദൾ സഖ്യത്തിന്റെയും കളിപ്പാവയാണു ഗവർണർ താവർചന്ദ് ഗെലോട്ടെന്ന് സിദ്ധരാമയ്യ ആഞ്ഞ‌ടിച്ചു.

ഒരു പങ്കുമില്ലാത്ത സംഭവത്തിലാണ് കുറ്റവിചാരണ ഒഴിവാക്കണമെങ്കിൽ കാരണം ബോധിപ്പിക്കണമെന്ന നോട്ടിസ് ഭരണഘടനാവിരുദ്ധമായി ഗവർണർ അയച്ചത്. ഭാര്യ പാർവതിയുടെ പേരിൽ ഗ്രാമത്തിലുള്ള 3.16 ഏക്കർ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഏറ്റെടുത്തതിനു പകരമായി നഗരത്തിൽ 14 സൈറ്റ് അനുവദിച്ചെന്നാണ് ആരോപണം. ബിജെപി ഭരണകാലത്താണിതു നടന്നതെന്ന് മറച്ചുവച്ചാണ് കർണാടക ബിജെപി നേതൃത്വം ഗവർണർക്ക് പരാതി നൽകിയത്.

മറ്റൊരു പരാതിക്കാരനായ സന്നദ്ധപ്രവർത്തകൻ ടി.ജെ.ഏബ്രഹാം രാഷ്ട്രീയക്കാരെ ബ്ലാക്ക്മെയിൽ ചെയ്യാനായി മുൻപും പല പരാതികളും നൽകിയിട്ടുണ്ടെന്നതും ഗവർണർ സൗകര്യപൂർവം മറന്നു. മുൻപ് 3 ബിജെപി മന്ത്രിമാരെ കുറ്റവിചാരണ ചെയ്യണമെന്ന ഏബ്രഹാമിന്റെ പരാതിയിൽ ഗവർണർ ചെറുവിരൽ അനക്കിയില്ലെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. ഗവർണറുടെ നോട്ടിസിനെതിരെ കഴിഞ്ഞദിവസം ഒറ്റക്കെട്ടായി രംഗത്തെത്തിയ കോൺഗ്രസ് സർക്കാർ, നിയമപോരാട്ടത്തിനു തീരുമാനിച്ചിരുന്നു. 

അതിനിടെ, സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നയിക്കുന്ന റാലി ഇന്ന് കേന്ദ്രമന്ത്രിയും ദൾ നേതാവുമായ കുമാരസ്വാമി ഉദ്ഘാടനം ചെയ്യും. മഴക്കെടുതിക്കിടെ പദയാത്ര വേണ്ടെന്ന് ഇടഞ്ഞുനിന്ന കുമാരസ്വാമിയെ ബിജെപി കേന്ദ്രനേതൃത്വമാണ് അനുനയിപ്പിച്ചത്. ഇതേസമയം, ബിജെപി–ദൾ യാത്രയ്ക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 

English Summary:

Governor the puppet of Central government says Siddaramaiah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com