യുപി ബിജെപി: പോരിന് അയവില്ല; യോഗിക്കെതിരെ പാർട്ടി സംസ്ഥാന അധ്യക്ഷനും
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലും ഫലപ്രദമല്ലെന്നു തെളിയിച്ച് യുപി ബിജെപിയിലെ ചേരിപ്പോര് വീണ്ടും മറനീക്കി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കു പുറമേ സംസ്ഥാന ബിജെപി അധ്യക്ഷൻ ഭൂപേന്ദ്ര സിങ് ചൗധരിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തി. വ്യക്തികൾക്കു പാട്ടത്തിനു നൽകിയ സർക്കാർ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതു സംബന്ധിച്ചു യോഗി മുൻകയ്യെടുത്ത് അവതരിപ്പിച്ച ബില്ലിനെച്ചൊല്ലിയാണു പുതിയ യുദ്ധം. നിയമസഭ പാസാക്കിയ ബിൽ ഭൂപേന്ദ്ര സിങ്ങിന്റെ എതിർപ്പിനെത്തുടർന്ന് നിയമസഭാ കൗൺസിൽ തിരിച്ചുവിളിച്ച് സിലക്ട് കമ്മിറ്റിക്കു വിട്ടു.
ഭൂപേന്ദ്ര സിങ് നിയമസഭാ കൗൺസിൽ അംഗമാണ്. കേശവ് പ്രസാദ് മൗര്യയും മറ്റൊരു ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്കും ഭൂപേന്ദ്ര സിങ്ങിനെ പിന്തുണച്ചതോടെയാണു തിരിച്ചുവിളിക്കാൻ യോഗി നിർബന്ധിതനായത്. എൻഡിഎ ഘടകകക്ഷികളായ അപ്നാദൾ എസ്, നിഷാദ് പാർട്ടി, ജൻസത്ത ദൾ (ലോക്താന്ത്രിക്) എന്നിവയും ബില്ലിനെതിരാണ്.
ബില്ലിലെ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് നിയമസഭാ കൗൺസിലിൽ ചർച്ച ചെയ്യാൻ ഭൂപേന്ദ്ര സിങ് ആവശ്യപ്പെട്ടതെങ്കിലും യോഗിക്കെതിരായ സംഘടിതനീക്കമാണെന്നു വ്യക്തമാണ്. ഡൽഹിയിൽ കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും പങ്കെടുത്ത യോഗത്തിലെ വെടിനിർത്തൽ ധാരണയെ തകിടം മറിക്കുന്ന രീതിയിലാണു പുതിയ വിമതനീക്കങ്ങൾ. എന്നാൽ, 10 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പു തീരും വരെ പ്രകോപിതരാകാതിരിക്കാനാണു യോഗി ക്യാംപിന്റെ തീരുമാനമെന്നറിയുന്നു.