സമാധാനക്കരാർ പൊളിഞ്ഞു; ജിരിബാമിൽ വീടിന് തീയിട്ടു
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ ജിരിബാമിൽ മെയ്തെയ് - കുക്കി സംഘടനകൾ തമ്മിലുള്ള സമാധാനക്കരാർ മണിക്കൂറുകൾക്കകം പൊളിഞ്ഞു. കരാറിനു സാധുതയില്ലെന്ന് മാർ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതി അറിയിച്ചു. തൊട്ടുപിന്നാലെ ജിരിബാമിൽ ഉപേക്ഷിക്കപ്പെട്ട മെയ്തെയ് വീടിന് അക്രമികൾ തീയിട്ടു. അക്രമികൾ വെടിവയ്പ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
കുക്കി ഗോത്രത്തിന്റെ ഉപവിഭാഗമായ മാർ ഗോത്രവും മെയ്തെയ്കളുമാണ് സായുധ സേനകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രേരണയിൽ സമാധാനക്കരാറിൽ ഒപ്പിട്ടത്.
ഒന്നര വർഷം മുൻപാരംഭിച്ച കലാപത്തിൽ ആദ്യമായാണ് ഇരുവിഭാഗങ്ങളും ഒരു ജില്ലയിലെങ്കിലും അക്രമം വെടിയുമെന്ന് ധാരണയിലെത്തിയത്. തൊട്ടു പിന്നാലെയാണ് മാർ ഗോത്രങ്ങളുടെ ഉന്നതാധികാര സമിതിയായ മാർ ഇൻപുയി കരാറിന് സാധുതയില്ലെന്ന് പറഞ്ഞത്. ജിരിബാമിലെ വിവിധ മാർ സംഘടനകളെ പിരിച്ചിവിടുകയും ചെയ്തു.
വർഗീയ സർക്കാരിന്റെ സമ്മർദത്തിലാണ് കരാറിൽ ഒപ്പിട്ടതെന്നും ഉന്നതാധികാരസമിതി ആരോപിച്ചു. കുക്കി ഗോത്രങ്ങൾക്കായി പ്രത്യേക ഭരണപ്രദേശം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടിട്ടില്ലെന്നും സംഘടന പറഞ്ഞു. കുക്കി ഉപവിഭാഗമായ പെയ്തെയും സോ സംഘടനകളുടെ പ്രാദേശിക യൂണിറ്റുകളും കരാറിൽ ഏർപ്പെട്ടിരുന്നു.
അസമിനോടു ചേർന്നുള്ള അതിർത്തി ജില്ലയായ ജിരിബാം സമീപകാലം വരെ സമാധാന അന്തരീക്ഷത്തിലായിരുന്നു. ജൂണിൽ ഒരു കർഷകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ഇവിടെ സംഘർഷമുണ്ടായത്.