പരിസ്ഥിതി അനുമതി: കുന്നിടിക്കലിന് കളമൊരുങ്ങുമോ എന്ന് ആശങ്ക
Mail This Article
ന്യൂഡൽഹി ∙ സർക്കാർ പദ്ധതികൾക്കായി വൻതോതിൽ മണ്ണെടുക്കുന്നതിന് പരിസ്ഥിതി അനുമതി ഒഴിവാക്കുന്ന വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരടുവിജ്ഞാപനം അംഗീകരിക്കപ്പെട്ടാൽ കുന്നിടിക്കലിനു കളമൊരുങ്ങുമോ എന്ന് ആശങ്ക. പരിസ്ഥിതി അനുമതി വേണ്ടെന്ന സർക്കാരിന്റെ മുൻ തീരുമാനം കഴിഞ്ഞ മാർച്ചിലെ സുപ്രീം കോടതി വിധിയോടെ അസാധുവായിരുന്നു. ഇതു തിരിച്ചുകൊണ്ടുവരാൻ വഴിയൊരുക്കുന്നതാണു പുതിയ വിജ്ഞാപനം.
കോവിഡിനെ അനുകൂല ഘടകമാക്കി പൊതുജനാഭിപ്രായം പോലും തേടാതെ സർക്കാർ വിജ്ഞാപനം കൊണ്ടുവന്നതാണ് ഈ വിഷയത്തിൽ നേരത്തേ സുപ്രീം കോടതിയുടെ അപ്രീതിക്കു കാരണമായത്. ദേശീയപാത, പൈപ്‌ലൈൻ പദ്ധതികൾ ആ ഘട്ടത്തിൽ നിലച്ചിരുന്നതാണെന്നും ധൃതിപിടിച്ചു ഭേദഗതി കൊണ്ടുവരേണ്ട കാര്യമുണ്ടായിരുന്നില്ല എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. മാലിന്യരഹിത പരിസ്ഥിതി ഭരണഘടനാ അവകാശമാണെന്നും ഇത്തരം കാര്യങ്ങൾ പൗരർ അറിയേണ്ടത് പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി പ്രവർത്തകൻ നോബിൾ എം. പൈകട ദേശീയ ഹരിത ട്രൈബ്യൂണലിനെയാണ് ആദ്യം സമീപിച്ചത്.
പരിസ്ഥിതിലോല മേഖലയിൽ നിയന്ത്രണം
സംരക്ഷിത വനം, വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ പരിസ്ഥിതിലോല മേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ മണ്ണെടുക്കുന്നതിനും തുരക്കുന്നതിനും വിലക്കുണ്ട്. കൃഷിഭൂമിയിൽ നിന്നും ജലാശയങ്ങൾ, അപൂർവ സസ്യജീവജാലങ്ങൾക്ക് ഇണങ്ങുന്ന സ്ഥലം തുടങ്ങിയവയിൽ നിന്നും മണ്ണെടുക്കാനാവില്ല.