ഭരണഘടന തിരുത്താൻ പാഠപുസ്തകങ്ങൾ മറയാക്കുന്നു: ഖർഗെ
Mail This Article
ന്യൂഡൽഹി ∙ എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്ന് ഭരണഘടനയുടെ ആമുഖം നീക്കം ചെയ്തുവെന്നാരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ രാജ്യസഭയിൽ കോൺഗ്രസ് പ്രതിഷേധിച്ചു. 400 സീറ്റെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം ജനം തകർത്തതിലുള്ള അമർഷത്തിൽ ഭരണഘടന തിരുത്താൻ കേന്ദ്ര ശ്രമിക്കുകയാണെന്നും അതിനു പാഠപുസ്തകങ്ങളെ ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി.
ഭരണഘടനയിൽ കൈകടത്താൻ കോൺഗ്രസ് അനുവദിക്കില്ല. രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനമൂല്യങ്ങൾ ഭാവിതലമുറയെ പഠിപ്പിക്കണം. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്റു, ബി.ആർ.അംബേദ്കർ, സർദാർ വല്ലഭ്ഭായ് പട്ടേൽ എന്നിവർ നടത്തിയ ത്യാഗം അവർ മനസ്സിലാക്കണം– ഖർഗെ പറഞ്ഞു.
പാഠപുസ്തകങ്ങളിൽ ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തിയിട്ടുണ്ടെന്നു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മറുപടി നൽകി. ഭരണഘടന സംരക്ഷിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു പറഞ്ഞ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നഡ്ഡ, അടിയന്തരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെ കടന്നാക്രമിച്ചു.