ചുവട് പിഴച്ച ‘ബ്രാൻഡ് ബുദ്ധ’; ജനപ്രിയനെങ്കിലും കർഷക സമരം ഗൗരവത്തിലെടുത്തില്ല
Mail This Article
കൊൽക്കത്ത ∙ കവിതകളുടെയും സാഹിത്യത്തിന്റെയും വഴിയിൽ സഞ്ചരിച്ച ബുദ്ധദേവ് ഭട്ടാചാര്യയുടെ സ്വപ്നങ്ങളിലൊന്നു ബംഗാളിനെ നിക്ഷേപസൗഹൃദമാക്കുകയായിരുന്നു. ബന്ദിനെ പരസ്യമായി തള്ളിപ്പറഞ്ഞ്, പരമ്പരാഗത കമ്യൂണിസ്റ്റ് രീതികൾ ഒഴിവാക്കി, വൻവ്യവസായ സ്ഥാപനങ്ങളെ ബംഗാളിലേക്ക് ആനയിച്ചതോടെ ‘ബ്രാൻഡ് ബുദ്ധ’ എന്ന വിശേഷണം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. വ്യവസായങ്ങളോടുള്ള ഈ അമിത താൽപര്യം പക്ഷേ, ബംഗാളിലെ കമ്യൂണിസത്തിന്റെ അടിവേരറുത്തു. സിംഗൂരിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഉണ്ടായ കർഷക രോഷത്തെ മമത ബാനർജി ആളിക്കത്തിച്ചപ്പോൾ സിപിഎം നിലംപതിച്ചു. 34 വർഷം അടക്കിഭരിച്ച ബംഗാളിൽ ഇന്ന് ഇടത് പാർട്ടികൾക്ക് ഒരു എംഎൽഎ പോലും ഇല്ല.
സിപിഎമ്മിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണക്കാരനായിട്ടല്ല പക്ഷേ, രാഷ്ട്രീയപ്രതിയോഗികൾ പോലും ബുദ്ധദേവിനെ കാണുന്നത്. ബൗദ്ധികജീവിതം നയിക്കുന്ന ബംഗാളി ഭദ്രലോകിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ജോലി കഴിഞ്ഞ്, അലിമുദ്ദീൻ സ്ട്രീറ്റിലെ പാർട്ടി ഓഫിസിലെത്തി പ്രവർത്തകരെയും നേതാക്കളെയും കണ്ട്, കൊൽക്കത്തയിലെ സാംസ്കാരികകേന്ദ്രമായ നന്ദനിൽ എത്തി കലാ-സാഹിത്യചർച്ചകളിൽ മുഴുകുന്ന ബുദ്ധദേവിനെയാണു പലർക്കും ഓർമ.
പാർട്ടി നേതാക്കളെക്കുറിച്ചും ഗ്രാമങ്ങളെ വരെ നിയന്ത്രിക്കുന്ന സിൻഡിക്കറ്റുകളെക്കുറിച്ചും ആരോപണം ഉയർന്നപ്പോഴും വെളുത്ത ദോത്തിയും കുർത്തയും ധരിച്ചു മാത്രം പൊതുവേദികളിൽ എത്തിയിരുന്ന ബുദ്ധദേവിന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പുസ്തകമേളകളിലും നാടകോത്സവങ്ങളിലും സ്ഥിരസാന്നിധ്യമായ ബുദ്ധദേവാണ് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവം ആരംഭിച്ചത്.
മുഖ്യമന്ത്രിയായിരിക്കെ, സിഐടിയുവിന്റെ ബന്ദിനെവരെ തള്ളിപ്പറഞ്ഞ ബുദ്ധദേവിന്റെ ജനപ്രീതി കൂടി. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42 മണ്ഡലങ്ങളിൽ 35 എണ്ണവും ഇടതു സഖ്യം നേടി. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 294 ൽ 235 സീറ്റും നേടി ഇടതുസഖ്യം ഏഴാംതവണയും അധികാരത്തിലെത്തി.
ജനവിധി വ്യവസായസൗഹൃദ ശ്രമങ്ങൾക്ക് ആക്കംകൂട്ടി. പക്ഷേ, സിംഗൂരിൽ ടാറ്റാ മോട്ടോഴ്സിനും നന്ദിഗ്രാമിൽ രാസവ്യവസായങ്ങൾക്കും വേണ്ടി കൃഷിഭൂമി ഏറ്റെടുത്തതിനെതിരേ കർഷകർ രംഗത്തെത്തിയത് ബുദ്ധദേവ് വേണ്ടത്ര ഗൗരവത്തിലെത്തില്ല. സമരം മമത ഏറ്റെടുത്തതോടെ സിപിഎമ്മിന്റെ പരമ്പരാഗത കർഷക വോട്ടുകൾ ഒലിച്ചുപോയി. 2007 ൽ നന്ദിഗ്രാമിലെ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടത് ഇടതുഭരണത്തിന്റെ അവസാനത്തെ വിസിൽ ആയി.
2011 ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറി. സ്വന്തം മണ്ഡലത്തിൽ ബുദ്ധദേവ് പരാജയപ്പെട്ടു. ഒപ്പം 9 മന്ത്രിമാരും. 34 വർഷത്തെ ഇടതു ഭരണം അവസാനിക്കാൻ സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ വിവാദം കാരണമായെന്നു സമ്മതിച്ചെങ്കിലും തന്റെ നയത്തിൽ ബുദ്ധദേവ് പശ്ചാത്താപിച്ചില്ല. വ്യവസായ വളർച്ചയുടെ നല്ലഫലം ജനത്തിനു മനസ്സിലായില്ലെന്നാണ് അദ്ദേഹം പരിതപിച്ചത്.