ചെങ്കൊടിയും ചുവന്ന പൂക്കളുമായി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കു വിട
Mail This Article
കൊൽക്കത്ത ∙ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കു കൊൽക്കത്ത നഗരം വിടചൊല്ലി. ഇടതുനേതാക്കളിലെ ഇതിഹാസമായിരുന്ന ജ്യോതി ബസുവിന്റെ വിയോഗത്തിനു ശേഷം നഗരം കണ്ട ഏറ്റവും വലിയ വിലാപയാത്രകൂടിയായി ഇത്. വൈകുന്നേരത്തോടെ മൃതദേഹം എൻആർഎസ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കൈമാറി.
രാവിലെ ആരംഭിച്ച വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. നിയമസഭയിലും പിന്നീട് പാർട്ടി ആസ്ഥാനമായ അലിമുദ്ദീൻ സ്ട്രീറ്റിലെ മുസഫർ അഹമ്മദ് ഭവനിനും പൊതുദർശനമൊരുക്കി. ബുദ്ധദേവ് കെട്ടിപ്പടുത്ത ഡിവൈഎഫ്ഐയുടെ ആസ്ഥാനമായ ദിനേശ് മജുംദാർ ഭവനു മുൻപിലും പൊതുദർശനം ഉണ്ടായിരുന്നു. പഴയ തലമുറയിൽപ്പെട്ടവരും യുവജനങ്ങളും നേതാവിന് പ്രണാമമർപ്പിക്കാനെത്തി. ആൾക്കൂട്ടത്തിരക്കിൽ മൃതദേഹം കാണാൻ കഴിയാതെ പലർക്കും മടങ്ങേണ്ടിവന്നു.
ചെങ്കൊടിപുതച്ച്, ചുവന്ന പൂക്കൾ ചാർത്തിയ ഭൗതികശരീരം പതിനൊന്നോടെയാണ് നിയമസഭയിലെത്തിച്ചത്. പിന്നീട് മുസഫർ അഹമ്മദ് ഭവനിൽ പൊതുദർശനത്തിനു വച്ചു. വൈകുന്നേരത്തോടെ ദിനേശ് മജുംദാർ ഭവനിലെത്തിച്ച മൃതദേഹം ഭാര്യ മീര, മകൻ സുചേതൻ ഉൾപ്പെടെയുള്ളവർ ആശുപത്രിക്ക് കൈമാറി. ബുദ്ധദേവിന്റെ കണ്ണുകൾ കഴിഞ്ഞ ദിവസം തന്നെ ദാനം ചെയ്തിരുന്നു.
വിലാപയാത്ര കടന്നുപോയ റോഡിനിരുവശവും സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ളവർ മുദ്രാവാക്യം വിളിച്ചാണ് ബുദ്ധദേവിനെ യാത്രയച്ചത്. ബുദ്ധദേവ് അമർ രഹേ മുദ്രാവാക്യം നഗരം മുഴുവൻ മുഴങ്ങി. അദ്ദേഹത്തിന്റെ ചിത്രമുള്ള പ്ലക്കാർഡുകളും ചെങ്കൊടികളുമായി ആയിരങ്ങൾ അണിനിരന്നു. ബംഗാൾ സാഹിത്യത്തെയും സിനിമയെയും കലയെയും പ്രോൽസാഹിപ്പിച്ച ബുദ്ധദേവിനെ കാണാൻ ബംഗാളിന്റെ കലാമേഖല ഒന്നടങ്കം എത്തി.
പാർട്ടി വിത്യാസമില്ലാതെ ഒട്ടേറെ നേതാക്കൾ അന്ത്യോപചാരം അർപ്പിക്കാനെത്തി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സർക്കാർ, ബിമൻ ബോസ്, വൃന്ദ കാരാട്ട് തുടങ്ങി സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ എത്തി. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി വി.ശിവൻകുട്ടി അന്ത്യോപചാരം അർപ്പിക്കാനെത്തി. അഭിഷേക് ബാനർജി എംപി, കൊൽക്കത്ത മേയറും മന്ത്രിയുമായ ഫിർഹാദ് ഹക്കീം, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തുടങ്ങിയവരും എത്തി.
മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പാം അവന്യുവിലെ ഫ്ലാറ്റിൽ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വ്യാഴാഴ്ച രാവിലെയായിരുന്നു. പൂർണ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര നടത്താൻ സർക്കാരിന് താൽപര്യമുണ്ടെന്ന് മമത അറിയിച്ചെങ്കിലും പാർട്ടിയും കുടുംബാംഗങ്ങളും നിരസിച്ചു.