കള്ളക്കടത്ത് സ്വർണം കസ്റ്റംസിന് കൈമാറുന്നതിൽ ആശയക്കുഴപ്പം
Mail This Article
ന്യൂഡൽഹി ∙ പിടിച്ചെടുക്കുന്ന കള്ളക്കടത്തു സ്വർണം പൊലീസ് എന്തു ചെയ്യും? സംഘടിത കുറ്റകൃത്യം എന്ന വകുപ്പിൽ പെടുത്തി കള്ളക്കടത്തുകാർക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ (ബിഎൻഎസ്) 111–ാം വകുപ്പ് പ്രകാരം കേസെടുക്കാനും റിമാൻഡ് ചെയ്യാനും തുടങ്ങിയതോടെ ഈ ചോദ്യവും ആശയക്കുഴപ്പവും വർധിക്കുന്നു.
രാജ്യാന്തര കള്ളക്കടത്ത് തടയുന്നതിനുള്ള പ്രത്യേക നിയമമായ കസ്റ്റംസ് ആക്ട് നിലനിൽക്കെ, പിടിച്ചെടുക്കുന്ന കള്ളക്കടത്തു സാധനം കോടതിയിൽ ഹാജരാക്കണമെന്ന ക്രിമിനൽ നടപടിച്ചട്ടത്തിലെ (സിആർപിസി) നിർദേശം ന്യായ് സംഹിതയ്ക്കൊപ്പം നിലവിൽ വന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിൽ (ബിഎൻഎസ്എസ്) അതേപടി ആവർത്തിച്ചതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. നാഗരിക് സുരക്ഷാ സംഹിത പ്രകാരം, കേസിന്റെ വിചാരണ തീരും വരെ സ്വർണമടക്കമുള്ള കള്ളക്കടത്തു സാധനങ്ങൾ സർക്കാരിലേക്കു പൊലീസിനു മുതൽക്കൂട്ടാനാവില്ല. കേന്ദ്ര സർക്കാരിലേക്കാണോ അതതു സംസ്ഥാന സർക്കാരിലേക്കാണോ കള്ളക്കടത്തു സാധനങ്ങൾ മുതൽക്കൂട്ടേണ്ടതെന്നു പറഞ്ഞി ട്ടുമില്ല.
കസ്റ്റംസ് നിയമത്തിലെ 111ാം വകുപ്പു പ്രകാരം, കള്ളക്കടത്തു സാധനങ്ങളുടെ മൂല്യം ഒരു കോടി രൂപയ്ക്കു മുകളിലാണെങ്കിൽ പ്രതികളെ റിമാൻഡ് ചെയ്യും. മൂല്യം 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണെങ്കിൽ, അറസ്റ്റ് രേഖപ്പെടുത്തിയശേഷം ശേഷം ജാമ്യത്തിൽ വിടാം. 50 ലക്ഷത്തിലും കുറവാണെങ്കിൽ സിവിൽ കേസ് മാത്രമായി പരിഗണിക്കും.
3 സാഹചര്യങ്ങളിലും കള്ളക്കടത്തു തെളിഞ്ഞാൽ, പിടിച്ചെടുത്ത സാധനങ്ങൾ കസ്റ്റംസ് നിയമപ്രകാരം കേന്ദ്ര സർക്കാരിലേക്കു കണ്ടുകെട്ടും. പ്രതിക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ പ്രത്യേകമായി നടക്കുകയും ചെയ്യും. എന്നാൽ പൊലീസ് പിടിച്ചെടുക്കുന്ന സാധനങ്ങൾ കോടതിയിൽ ഹാജരാക്കണമെന്നാണു ബിഎൻഎസ്എസ് 106–ാം വകുപ്പിൽ പറയുന്നത്. മൂല്യമോ കേസിന്റെ ഗൗരവമോ വ്യക്തമാക്കുന്നില്ല.
കള്ളക്കടത്തു കോടികളുടേതാണെങ്കിലും ലക്ഷങ്ങളുടേതാണെങ്കിലും പൊലീസിന് ഒരേ നടപടിക്രമമാണെന്നർഥം. ഈ കേസുകൾ കോടതി വഴി കസ്റ്റംസിനു കൈമാറിക്കിട്ടാൻ 6 മാസമെങ്കിലുമെടുക്കാറുണ്ട്. തെളിവുകൾ നശിപ്പിക്കാനും കൂട്ടുപ്രതികൾ രക്ഷപ്പെടാനും ഇത്രയും സമയം ധാരാളമാണെന്നു കസ്റ്റംസ് പറയുന്നു. മുൻപ്, പൊലീസ് പിടികൂടിയിരുന്ന കള്ളക്കടത്ത് കേസുകൾ രേഖാമൂലം കസ്റ്റംസിനെ നേരിട്ട് ഏൽപിക്കുകയാണു ചെയ്തിരുന്നത്. അന്വേഷണം പെട്ടെന്ന് ഏറ്റെടുക്കാനും കൂട്ടുപ്രതികളെ കണ്ടെത്താനും ഇതു കസ്റ്റംസിനു സഹായകരമായിരുന്നു.